വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്ത് വിസ നീട്ടി നൽകും;സന്ദർശന വിസയിലെത്തിയവർക്കും നീട്ടും

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്ത് വിസ നീട്ടി നൽകും;സന്ദർശന വിസയിലെത്തിയവർക്കും നീട്ടും

കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി കുവൈത്ത് നീട്ടിനൽകും. സന്ദർശക വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് ഖാലിദ് അൽ സാലിഹിന്റെ നിർദേശ പ്രകാരാണ് പ്രതിസന്ധി നേരിടുന്ന വിദേശികളുടെ താമസരേഖ കാലാവധി നീട്ടി നൽകുന്നത്. ഇതിന് ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം കേന്ദ്രങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ ജനറൽ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടിയെന്ന് കുടിയേറ്റ വിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ കമ്പനി ഉടമകൾക്കോ പ്രതിനിധികൾക്കോ ആർട്ടിക്കിൾ-18 വിസയിലുള്ള വിദേശികളുടെ കാലാവധിയുള്ള പാസ്‌പോർട്ടുകളുമായി വിസ പുതുക്കുന്നതിന് മാൻപവർ പബ്ലിക് അതോറിറ്റിയെ സമീപിക്കാം.

ആർട്ടിക്കിൾ 20 വീട്ടുവേലക്കാരുടെ താമസരേഖയും സ്‌പോൺസർക്ക് പുതുക്കാം. ഇതൊടൊപ്പം കുടുംബ ആശ്രിത വിസകളും പുതുക്കാവുന്നതാണെന്നും മറാഫി അറിയിച്ചു. സന്ദർശന വിസയിൽ രാജ്യത്ത് എത്തിയിട്ടുള്ളവർക്ക് വിസ കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നൽകും. നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാത്ത ജോലിക്കാർക്ക് മൂന്ന് മാസത്തെ അവധി നൽകുന്നതിനും ആവശ്യമെന്ന് കണ്ടാൽ വീണ്ടും നീട്ടി നൽകുകയും ചെയ്യും. ഈ ആനുകൂല്യം ഇന്ത്യ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ചൈന, ഹോങ്‌കോങ്, ഇറാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്‌ലൻഡ്, ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നീ രാജ്യക്കാർക്ക് മാത്രമായിരിക്കുമെന്നും തലാൽ മറാഫി വ്യക്തമാക്കി.

Share this story