യുഎഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി നാഷണൽ മീഡിയ കൗൺസിൽ

യുഎഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി നാഷണൽ മീഡിയ കൗൺസിൽ

ദുബൈ: യു എ ഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിർത്തിവെയ്ക്കാൻ നാഷണൽ മീഡിയ കൗൺസിൽ തീരുമാനിച്ചതായി റിപ്പോർട്ട്. സ്ഥിരം വരിക്കാരെ ഒഴിവാക്കിയാകും ഇത് നടപ്പാക്കുക. മാർച്ച് 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹെൽത്ത് സെന്ററുകൾ, ക്ലിനിക്കുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ വെയിറ്റിങ് ഹാളുകൾ എന്നിങ്ങനെ നിരവധിപ്പേർ ഒരേ സാധനങ്ങളിൽ സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യില്ല.

അതേസമയം ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങൾക്ക് വിലക്ക് ബാധകമായിരിക്കില്ലെന്നും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വരിക്കാരെയും ഷോപ്പിങ് സെന്ററുകളിലെ വലിയ ഔട്ട്‌ലെറ്റുകളെയും വിലക്കിൽ നിന്ന് ഒഴിവാക്കും. എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഇവിടങ്ങളിൽ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യും. കൊവിഡ് 19 അണുബാധ തടയുന്നതിനായി രാജ്യം സ്വീകരിക്കുന്ന നിരവധി നടപടികളുടെ ഭാഗമായാണ് തീരുമാനം. നിരവധിപ്പേർ ഒരേ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത് വൈറസ് വ്യാപിക്കാൻ ഇടയാക്കും.

Share this story