ഗൾഫ് രാഷ്ട്രങ്ങൾ ആശങ്കയിൽ; സൗദിയിൽ ഇന്നുമാത്രം 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഗൾഫ് രാഷ്ട്രങ്ങൾ ആശങ്കയിൽ; സൗദിയിൽ ഇന്നുമാത്രം 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തിൽ ഓരോ ദിവസവും കാര്യമായ വർദ്ധനവാണുണ്ടാകുന്നത്. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയാണ് വിവിധ രാജ്യങ്ങൾ. സൗദി അറേബ്യയിൽ ഇന്ന് മാത്രം 119 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഖത്തറിൽ ഇതിനോടകം 481 പേർ ചികിത്സയിലുണ്ട്. ബഹ്റൈനിൽ 332 പേരും കുവൈത്തിൽ 188 പേരും ചികിത്സയിൽ കഴിയുകയാണ്. യുഎഇയിൽ 153 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമാനിൽ മൂന്ന് പുതിയ കേസുകൾ അടക്കം 55 പേർക്കും ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.

അതിർത്തികൾ അടച്ചും വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കി കർശന മുൻകരുതൽ സ്വീകരിക്കുന്നതിനിടയിലും പല ഗൾഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. കുവൈത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ നാളെ രാവിലെ നാല് മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവാത്തതുകൊണ്ടാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ അവധി ഏപ്രിൽ ഒൻപത് വരെ നീട്ടിയിട്ടുണ്ട്. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും സൗദി അറേബ്യയും ജനങ്ങളോട് ആവശ്യപ്പെട്ടു.

ഒമാനിൽ പത്രമാധ്യമങ്ങളുടെ അച്ചടിയും വിതരണവും നിർത്തലാക്കി. മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളും അടച്ചു. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ പരമാവധി 30 ശതമാനം മാത്രം ജീവനക്കാരെത്തും. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്ന നിർദേശമാണ് കഴിഞ്ഞ ദിവസം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അധികൃതരും നൽകിയത്. ബീച്ചുകൾ ഉൾപ്പെടെ ജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അടച്ചിട്ടു. റസ്റ്റോറന്റുകളിൽ 20 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമേ പ്രവേശിക്കാനാവൂ

Share this story