മഹ്ബൂലയിലെ 5 പാര്‍പ്പിട കെട്ടിടങ്ങള്‍ ക്വാറന്റൈനില്‍

മഹ്ബൂലയിലെ 5 പാര്‍പ്പിട കെട്ടിടങ്ങള്‍ ക്വാറന്റൈനില്‍
കുവൈത്ത് സിറ്റി: മഹ്ബൂലയിലെ താമസ കെട്ടിടങ്ങളില്‍ ഒന്നിലേറെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇവിടുത്ത അഞ്ച് കെട്ടിടങ്ങള്‍ ക്വാറന്റൈനിലാക്കി. ഇവിടെയുള്ള താമസക്കാരനായ ഇന്ത്യക്കാരനുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.

അഞ്ച് കെട്ടിടങ്ങളിലുമായി 600ലേറെ താമസക്കാരുണ്ട്. രോഗം സ്ഥിരീകരിച്ചയാളുമായി ഇവരെല്ലാം സമ്പര്‍ക്കം ചെലുത്തിയിട്ടുണ്ടെന്നാണ് സംശയം.

അതിനിടെ, രാജ്യത്ത് ഞായറാഴ്ച 20 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഇന്ത്യക്കാരനടക്കം നാല് വിദേശികളുണ്ട്. എട്ട് കേസുകളില്‍ സമൂഹ വ്യാപനം സംശയിക്കുന്നുണ്ട്.

അതേ സമയം, സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ പ്രവാസി തൊഴിലാളികള്‍ക്ക് പിഴയടക്കാതെ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കി കുവൈത്ത്. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയാണ് ഇതിനുള്ള സമയം.

ഒളിച്ചോടിയവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഓരോ ഗവര്‍ണറേറ്റിലും പ്രത്യേകം സ്‌കൂള്‍ തയ്യാറാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സ്‌കൂളുകളാണുണ്ടാകുക. ഇവരെ ഇവിടെ പാര്‍പ്പിക്കും. സ്വദേശത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുന്ന രീതിയിലാണ് സംവിധാനം.

ഓരോ സ്‌കൂളിലും അതത് രാജ്യത്തെ കോണ്‍സുലാര്‍ സേവനവുമുണ്ടാകും. ഈ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇളവ് കാലാവധിക്ക് ശേഷം വ്യാപക പരിശോധന നടത്തുകയും പിടികൂടുന്നവരെ ആജീവനാന്തം വിലക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Share this story