കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

കുവൈത്ത് സിറ്റി: പാര്‍പ്പിട നിയമം ലംഘിച്ചവര്‍ക്ക് യാതൊരു പിഴയും കൂടാതെ രാജ്യം വിടുന്നതിന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇവര്‍ക്കുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കും. വീണ്ടും രാജ്യത്തേക്ക് വരാന്‍ അവസരമുണ്ടാകുകയും ചെയ്യും.

അതേസമയം, പിഴയടച്ച് രാജ്യത്തെ താമസാനുമതി നിയമപരമാക്കാനും അവസരമുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവര്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചവരായിരിക്കണം. കുവൈത്തികളുടെ പങ്കാളികള്‍, രക്ഷിതാക്കള്‍, കുട്ടികള്‍ കുവൈത്തികളുടെ വിധവകള്‍/ വിഭാര്യര്‍, വിവാഹമോചിതര്‍, ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് പിഴയടച്ച് നിയമപരമാകാന്‍ അര്‍ഹതയുള്ളത്.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്കായി പ്രത്യേക താമസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഇവര്‍ക്ക് ഇവിടെ സൗജന്യ ഭക്ഷണമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. ഫര്‍വാനിയ്യയിലാണ് പ്രത്യേക കേന്ദ്രങ്ങള്‍. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പുരുഷന്മാര്‍ ഫര്‍വാനിയ്യ ബ്ലോക് വണ്‍ സ്ട്രീറ്റ് 122ലെ അല്‍ മുസന്ന പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സിലും സ്ത്രീകള്‍ ഫര്‍വാനിയ്യ ബ്ലോക് വണ്‍, സ്ട്രീറ്റ് 76ലെ ഫര്‍വാനിയ്യ പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലുമാണ് എത്തേണ്ടത്. ഫിലിപ്പീനികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെയും ഈജിപ്ഷ്യര്‍ ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയും ഇന്ത്യക്കാര്‍ ഏപ്രില്‍ 11 മുതല്‍ 15 വരെയും ബംഗ്ലാദേശികള്‍ ഏപ്രില്‍ 16 മുതല്‍ 20 വരെയും ശ്രീലങ്കക്കാര്‍ ഏപ്രില്‍ 21 മുതല്‍ 25 വരെയും മറ്റ് രാജ്യക്കാര്‍ ഏപ്രില്‍ 26 മുതല്‍ 30 വരെയുമാണ് ഇവിടെയെത്തേണ്ടത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഇവിടെയെത്തേണ്ടത്.

Share this story