സൗദിയില്‍ 154 പുതിയ കോവിഡ് രോഗികള്‍; 115 പേര്‍ രോഗമുക്തരായി

സൗദിയില്‍ 154 പുതിയ കോവിഡ് രോഗികള്‍; 115 പേര്‍ രോഗമുക്തരായി

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച 154 പുതിയ കോവിഡ്- 19 കേസുകള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച ഇത് 96 ആയിരുന്നു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,453 ആയി.

49 പേര്‍ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 115 ആയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ തീവ്രപരിചരണ യൂനിറ്റിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. തിങ്കളാഴ്ച കൊവിഡ് ബാധിച്ച് ആരും മരിച്ചില്ല. ഞായറാഴ്ച വരെ എട്ട് പേരാണ് മരിച്ചത്.

അതിനിടെ, മക്കയില്‍ ആറ് ജില്ലകളില്‍ കൂടി കര്‍ഫ്യൂ സമയം നീട്ടി. അജ്യദ്, അല്‍ മസാഫി, അല്‍ ഹുജൂന്‍, അല്‍ നകാസ, ഹൗശ് ബക്ര് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചത്. ദിവസം മുഴുക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.

അതേ സമയം, സഊദി അറേബ്യയില്‍ പാര്‍പ്പിട നിയമം ലംഘിച്ച പ്രവാസികളടക്കമുള്ള എല്ലാ കോവിഡ്- 19 രോഗികള്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ്യ ആണ് രാജാവിന്റെ ഉത്തരവ് സംബന്ധിച്ച് അറിയിച്ചത്.

പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യകാര്യത്തിലും എല്ലാവരുടെയും സുരക്ഷയിലും രാജാവിനുള്ള അതീവ താത്പര്യമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. അതിനിടെ, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1453 ആയി. 115 പേര്‍ രോഗമുക്തി നേടി. എട്ട് മരണമാണ് ആകെയുണ്ടായത്.

Share this story