അപേക്ഷകള്‍ക്ക് അബ്ശിര്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ജവാസാത്

അപേക്ഷകള്‍ക്ക് അബ്ശിര്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ജവാസാത്

റിയാദ്: അപേക്ഷകള്‍ക്കും സന്ദേശങ്ങള്‍ക്കും അബ്ശിര്‍ എന്ന ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സൗദി ജവാസാത്. പാര്‍പ്പിട ഐ ഡി, വിസ, വിവരങ്ങള്‍ മാറ്റല്‍, തൊഴില്‍ മാറ്റം വരുത്തല്‍ അടക്കമുള്ള സേവനങ്ങള്‍ ഇതില്‍ ലഭ്യമാകും.

അബ്ശിറില്‍ പ്രവേശിച്ച് മൈ സര്‍വീസ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ജനറല്‍ സര്‍വീസസ്, മെസ്സേജസ്, ആപ്ലിക്കേഷനില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോര്‍ട്ട് ലിങ്ക് ക്ലിക്ക് ചെയ്യണം. ലിസ്റ്റില്‍ നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് സന്ദേശം എഴുതി സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

കര്‍ഫ്യൂ സമയത്ത് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്നും പൊതുവെ ഇലക്ട്രോണിക് ഇടപാടുകള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും പാസ്സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു.

അതേസമയം, കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹജ്ജിനെ സംബന്ധിച്ചുള്ള വ്യക്തതക്ക് കാത്തിരിക്കാന്‍ ലോക മുസ്ലിംകളോട് സൗദി അറേബ്യ. തീര്‍ഥാടനത്തിനായി ഹജ്ജ് ഗ്രൂപ്പുകളെ സമീപിക്കാനുള്ള സമയമായിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ട്. തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും സൗദി ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബന്തീന്‍ അറിയിച്ചു.

തീര്‍ഥാടകരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച ഹോട്ടലുകള്‍ പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ അവസാനമാണ് മുസ്ലിംകളുടെ ഏറ്റവും വലിയ വാര്‍ഷിക ഒത്തുകൂടലായ ഹജ്ജിന്റെ ആരംഭമുണ്ടാകേണ്ടത്. എന്നാല്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സൗദി വളരെ നേരത്തെ തന്നെ ഉംറ തീര്‍ഥാടനം നിര്‍ത്തിവെച്ചിരുന്നു.

Share this story