കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ള വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനിലൂടെ 2019- 20 അധ്യയന വര്‍ഷം തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. അതേസമയം, ഇതിന് രക്ഷിതാക്കളുടെ അനുമതി വേണം. അനുമതിയില്ലെങ്കില്‍ നേരത്തെ പദ്ധതിയിട്ടത് പോലെ ആഗസ്റ്റ് നാലിനാകും സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ വിദ്യാഭ്യാസം തുടരുന്നതിനുള്ള രക്ഷിതാക്കളുടെ അംഗീകാരത്തിന് മന്ത്രാലയം പ്രത്യേകം ഫോം തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ കൃത്യമായ കരിക്കുലവും സമയക്രമവും തയ്യാറാക്കണം. അധ്യാപക- വിദ്യാര്‍ഥി ഇടപഴക്കം സാധ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളും വേണം. വിദ്യാര്‍ഥികളുടെ പ്രതിദിന, പ്രതിവാര ഉത്തരവാദിത്വങ്ങള്‍ കാണിക്കാനാകണം.

ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് പ്രത്യേകം ഫീസ് വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കൂളുകള്‍ ഈടാക്കരുത്. കുടിശ്ശികയുണ്ടെങ്കില്‍ സ്‌കൂള്‍ വര്‍ഷാവസാനത്തെ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ സമയം നല്‍കണം.

Share this story