കോവിഡ് 19: ഗൾഫ് ഭരണകൂടങ്ങളുടെ നടപടികൾ മികച്ചത്, ആത്മാഭിമാനം മുറിപ്പെടുത്തരുത്

കോവിഡ് 19: ഗൾഫ് ഭരണകൂടങ്ങളുടെ നടപടികൾ മികച്ചത്, ആത്മാഭിമാനം മുറിപ്പെടുത്തരുത്

ദുബൈ: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് ഭരണകൂടങ്ങളുടെ നടപടികൾ മികച്ചതാണെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഐസിഎഫ് ഗൾഫ് കൗൺസിൽ അഭ്യർഥിച്ചു. ലോകമാകെ പടർന്നുപിടിക്കുന്ന മഹാമാരിക്കെതിരെ ഗൾഫു രാജ്യങ്ങളിലും കനത്ത ജാഗ്രതയോട് കൂടിയ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ നടപടികളുമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ യാഥാർഥ്യത്തെ മറച്ചുവെച്ചുള്ള പ്രതികരണങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമാണ്. ഗൾഫ് ഭരണാധികാരികളുടെ അതിവിശിഷ്ടമായ ആതിഥ്യമര്യാദയുടെയും കരുതലിൻ്റെയും ഗുണഫലമാണ് ഇന്ത്യക്കാരുൾപ്പെടെ ഇന്ത്യക്കാർ വിശേഷിച്ചു കേരളീയർ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ എന്ന് വിസ്മരിക്കരുത്. ഈ മഹാമാരി നേരിടുന്നതിലും ഗൾഫ് ഭരണകൂടങ്ങൾ ശരിയായ പാതയിലാണ്. ഭീതിയുടെ സാഹചര്യമില്ല.

കോവിഡ് പ്രതിരോധത്തിനാവശ്യമായ തീവ്രശ്രമങ്ങളാണ് ഗൾഫ് ഭരണകൂടങ്ങൾ നടത്തുന്നത്. തദ്ദേശീയർക്കും വിദേശികൾക്കും രോഗനിർണയവും ചികിത്സയും എല്ലാ ഗൾഫ് രാജ്യങ്ങളിലും പൂർണമായും സൗജന്യമാണ്. അനുബന്ധ സൗകര്യങ്ങളും ക്രമീകരണങ്ങളും സജ്ജീകരിച്ച് വരുന്നുമുണ്ട്. യാത്രാ നിരോധനം, സമ്പർക്ക വിലക്ക് എല്ലാം നടപ്പിലാക്കി. ഭക്ഷണം, മരുന്ന് ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തി. ബോധവൽക്കരണങ്ങളും മാർഗനിർദ്ദേശങ്ങളും സജീവമാക്കി. സാമൂഹ്യ സംഘടനകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ മികച്ച പ്രവർത്തനങ്ങളിലേക്ക് വരുന്നുമുണ്ട്. മുൻ മാതൃകകളില്ലാത്ത ഡിസാസ്റ്റർ മാനേജ്മെൻറിനിടയിലെ ഏതെങ്കിലും രൂപത്തിലുള്ള പരിമിതികൾ ചൂണ്ടിക്കാണിച്ച് നടത്തുന്ന വിമർശനങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണം.

രോഗബാധിതരെയൊന്നടങ്കം ഇന്ത്യയിലെത്തിക്കുക എന്ന ഒറ്റമൂലി പരിഹാരമല്ല. അത്തരം ഒരു നീക്കത്തിന് ഗൾഫ് ഭരണകൂടങ്ങൾ തയ്യാറുമല്ല. രോഗബാധിതരുടെയും മറ്റു പൗരന്മാരുടെയും സുരക്ഷിതത്വത്തിനാവശ്യമായതെല്ലാം സജ്ജീകരിക്കാൻ ഇന്ത്യൻ മിഷനുകൾ ഉണർന്ന് പ്രവർത്തിക്കണം. അപ്പാർട്ട്മെന്റുകൾ, ബിൽഡിങ്ങുകൾ, ഹോട്ടലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അനുയോജ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഐസൊലേഷൻ ക്യാമ്പുകൾ വ്യാപകമാക്കാൻ അതാത് രാജ്യത്തെ സർക്കാരുമായി ബന്ധപ്പെട്ട് എംബസി ഒരുക്കാൻ തയ്യാറാവണം. മെഡിക്കൽ സ്റ്റാഫുകളുടെ അപര്യാപ്തത പരിഹരിക്കാൻ സർക്കാറുകളുമായി ചർച്ച നടത്തി ആവശ്യമെങ്കിൽ മെഡിക്കൽ സംഘത്തെ ഇങ്ങോട്ട് അയക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണം.

അതേസമയം നേരത്തെ ഐസിഎഫ് ഉൾപ്പെടയുള്ള പ്രവാസി സംഘടനകൾ ആവശ്യപ്പെട്ട പോലെ വിസിറ്റിലും മറ്റും വന്നു ഇവിടെ കുടുങ്ങിക്കിടക്കുന്നവർ, പ്രായമായവർ, വിവിധങ്ങളായ രോഗം മൂലം കഷ്ടപ്പെടുന്നവർ, പരസഹായത്തിനു ആളില്ലാതെ നാട്ടിൽ കുടുംബം കഷ്ട്ടപ്പെടുന്നവർക്കൊക്കെ നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാന സർവീസ് എത്രയും പെട്ടെന്ന് ആരംഭിക്കണം എന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

Share this story