ഐ ഡി കാര്‍ഡ് ഫോണില്‍ സൂക്ഷിക്കാന്‍ ആപ്പുമായി കുവൈത്ത്

ഐ ഡി കാര്‍ഡ് ഫോണില്‍ സൂക്ഷിക്കാന്‍ ആപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തങ്ങളുടെ സിവില്‍ ഐ ഡി കാര്‍ഡ് സ്വന്തം സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാന്‍ പ്രത്യേക ആപ്പ് ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പി എ സി ഐ). ഇതിനായി Kuwait mobile ID എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഡൗണ്‍ലോഡ് ചെയ്യാം. ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്.

ഇതിനായി കാലാവധിയുള്ള വിസയുണ്ടായിരിക്കണം. നേരത്തെ അനുവദിക്കപ്പെട്ട കുറഞ്ഞത് ഒരു മാസം കാലാവധിയുള്ള സ്മാര്‍ട്ട് ഐ ഡിയുണ്ടായിരിക്കണം. സിവില്‍ ഐ ഡി നമ്പര്‍, സീരിയല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയവ വേണം. തുടര്‍ന്ന് ഒരു സെല്‍ഫി ഫോട്ടോ എടുത്താല്‍ മതി. ഇവ പരിശോധിച്ച് സിവില്‍ ഐഡി മൊബൈലിലെത്തും.

അതേ സമയം, ജലീബ് അല്‍ ശുയൂഖിലും മഹ്ബൂലയിലും ഏര്‍പ്പെടുത്തിയത് പോലെ ഫര്‍വാനിയ്യയിലും പൂര്‍ണ്ണ കര്‍ഫ്യൂവിന് അധികൃതര്‍ ഒരുങ്ങുന്നു. ഖൈതാന്‍ മേഖലയിലെ രണ്ട് മേഖലകള്‍ അടച്ചുപൂട്ടാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സാധാരണ പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങളാണിത്.

ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. രാജ്യം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതേസമയം, രാജ്യവ്യാപക കര്‍ഫ്യൂവില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. അതിനിടെ, രാജ്യത്ത് പുതിയ 66 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ കൂടി മരിച്ചതോടെ മൊത്തം മരണം രണ്ട് ആയി. ഇതുവരെ 1300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 176 പേര്‍ രോഗമുക്തരായി.

Share this story