ബുധന്‍, വെള്ളി ദിവസങ്ങളില്‍ യു എ ഇയിലെ ബാല്‍ക്കണികളില്‍ ദേശീയ ഗാനം മുഴങ്ങും

ബുധന്‍, വെള്ളി ദിവസങ്ങളില്‍ യു എ ഇയിലെ ബാല്‍ക്കണികളില്‍ ദേശീയ ഗാനം മുഴങ്ങും

ദുബൈ: ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി ഒമ്പതിന് രാജ്യത്തെ ജനങ്ങള്‍ ബാല്‍ക്കണികളില്‍ വെച്ച് ദേശീയ ഗാനം ആലപിക്കാന്‍ ആഹ്വാനം. കോവിഡ് നിയന്ത്രണത്തില്‍ മുന്നണിപ്പോരാളികളായവര്‍ക്കുള്ള ആദരവ് അര്‍പ്പിക്കുകയാണ് ഇതിലൂടെ. പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ ഓരോരുത്തര്‍ക്കും യു എ ഇ ഭരണനേതൃത്വത്തിനുമാണ് ഇത് സമര്‍പ്പിക്കപ്പെടുക.

യു എ ഇക്ക് വേണ്ടി നമുക്കൊരുമിച്ച് പാടാം എന്നാണ് ഈ പദ്ധതിയുടെ പേര്. ഇതിന് ഇന്നലെ തുടക്കമായി. ബാല്‍ക്കണികളില്‍ വെച്ച് ദേശീയ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാനും നിര്‍ദ്ദേശമുണ്ട്. ഇമാറാത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയും സന്തോഷവും പ്രചരിപ്പിക്കാനാണിത്.

അതിനിടെ രാജ്യത്ത് 432 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 5365 ആയി. അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണം 33 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം പ്രവാസികളാണ്. മൊത്തം 1034 പേര്‍ക്ക് രോഗം ഭേദമായി.

അതേ സമയം, കൊറോണവൈറസ് ബാധ പടരുന്നത് തടയുന്നതിനായി തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഷാര്‍ജ നിരോധിച്ചു. ഷാര്‍ജയില്‍ താമസക്കാരല്ലാത്ത തൊഴിലാളികള്‍ക്ക് പ്രവേശിക്കാനും സാധിക്കില്ല. നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും ഷാര്‍ജ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, ചില സ്ഥാപനങ്ങളില്‍ ഇതില്‍ ഇളവുണ്ട്. ക്ലീനിംഗ്, ഫുഡ് ഇന്‍ഡസ്ട്രി, പ്രൈവറ്റ് സെക്യൂരിറ്റി തുടങ്ങിയ മേഖലകള്‍ക്കാണ് ഇളവ്. ഈ മേഖലകളില തൊഴിലാളികളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ വാഹനത്തിന്റെ പകുതി സീറ്റിലേ ആളുകളുണ്ടാകാവൂ. രണ്ട് മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കണം. കഴിഞ്ഞ ദിവസം അബൂദബിയും സമാന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

Share this story