അബൂദബിയില്‍ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന സൗജന്യം

അബൂദബിയില്‍ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന സൗജന്യം

അബൂദബി: തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കില്‍ കോവിഡ് -19 പരിശോധന നല്‍കുമെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. ഇതിനായി മുസഫ്ഫയിലെ ക്ലിനിക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

50ലേറെ വയസ്സുള്ളവര്‍, ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും ഈ സൗകര്യം ഉപയോഗപ്പെടുത്തി പരിശോധന നടത്തണം. ഇവര്‍ സ്വയം മുന്നോട്ടുവന്ന് ക്ലിനിക്കില്‍ വെച്ച് പരിശോധിക്കണം. കാലാവധിയുള്ള പാര്‍പ്പിട വിസയില്ലാത്തവര്‍ക്കും പരിശോധനക്ക് എത്താം. കഴിഞ്ഞയാഴ്ച അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സിഹ 13 പുതിയ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. വാഹനത്തില്‍ തന്നെ ഇരുന്ന് മിനുട്ടുകള്‍ക്കകം പരിശോധന പൂര്‍ത്തിയാക്കാവുന്ന സംവിധാനമാണിത്.

അതേ സമയം, സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 50 വയസ്സ് കഴിഞ്ഞവരുടെ വിശദാംശങ്ങൾ വിവിധ കമ്പനികളോട് തേടി അബൂദബി സാമ്പത്തിക വികസന വകുപ്പ്. ഇവർക്ക് തങ്ങളുടെ കമ്പനിയിൽ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ മടങ്ങുന്നവരുടെ യാത്രാ ചിലവ് വികസന വകുപ്പ് കമ്പനികൾക്ക് നൽകും.

വകുപ്പ് നൽകുന്ന ലിങ്കിൽ വിവരങ്ങൾ നൽകുകയാണ് വേണ്ടത്. പ്രായമുള്ള ജീവനക്കാർക്ക് അനിശ്ചിതകാല അവധി നൽകാനും കമ്പനികൾക്ക് നിർദ്ദേശമുണ്ട്.

അതിനിടെ, രാജ്യത്ത് 460 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവർ ഏഷ്യൻ വംശജരാണ്. മൊത്തം 5825 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1095 പേർ രോഗമുക്തരായി. മൊത്തം മരണം 35 ആണ്.

Share this story