ഖത്തറില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി

ഖത്തറില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മൂന്ന് കരാര്‍- നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് തൊഴില്‍ മന്ത്രാലയം. പേളിലെ തൊഴിലിടത്താണ് ആരോഗ്യ സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ച് തൊഴിലാളികള്‍ ബസിലേക്ക് കയറുന്നതും സാമൂഹിക അകലം പാലിക്കാത്തതും ബസില്‍ തിങ്ങിനിറഞ്ഞ നിലയില്‍ തൊഴിലാളികളെ കയറ്റിയതും കണ്ടെത്തിയത്.

സൈറ്റിന്റെ ഉത്തരവാദിത്തമുള്ള എഞ്ചിനീയര്‍മാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണങ്ങളും നടത്തും. തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും സുരക്ഷാ അധികൃതരുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കോവിഡ്- 19 പടരുന്നത് തടയാന്‍ നിര്‍മാണ കമ്പനികള്‍ പാലിക്കേണ്ട നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

അതേ സമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാറിനൊപ്പം നിൽക്കാൻ രാജ്യത്തെ ജനങ്ങൾക്കും സംഭാവന നൽകാം. ഇതിനായി പ്രത്യേക വെബ് പോർട്ടൽ ആരംഭിച്ചിരിക്കുകയാണ് സർക്കാർ. സ്വകാര്യ മേഖലയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 7.8 കോടി ഖത്തർ റിയാൽ സംഭാവനയായി ലഭിച്ചു. https://sci.adlsa.gov.qa/ എന്നതാണ് വെബ്സൈറ്റ്.

അതിനിടെ, രാജ്യത്ത് 392 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ പുതുതായി രോഗമുക്തി നേടി. മൊത്തം 415 പേർക്കാണ് അസുഖം ഭേദമായത് രോഗം സ്ഥിരീകരിച്ച മൊത്തം പേരുടെ എണ്ണം 4103 ആണ്. ഏഴ് പേരാണ് ഇതുവരെ മരിച്ചത്. മൊത്തം 56381 പേരെ പരിശോധിച്ചിട്ടുണ്ട്.

Share this story