കൊറോണക്കാലത്ത് പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഓൺലൈൻ പ്രവാസി കൂട്ടായ്മയായ ‘ഓൾ കേരള പ്രവാസി അസോസിയേഷൻ’

കൊറോണക്കാലത്ത് പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഓൺലൈൻ പ്രവാസി കൂട്ടായ്മയായ ‘ഓൾ കേരള പ്രവാസി അസോസിയേഷൻ’

ലോകം കൊറോണയെന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുകയാണ് ഓൾ കേരള പ്രവാസി അസോസിയേഷൻ എന്ന ഓൺലൈൻ കൂട്ടായ്മ.

രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ലോകമെമ്പാടുമുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂട്ട് കൂടാനുള്ള ഒരു ഓൺലൈൻ ഇടം. ഗൾഫ്, യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 50,000 ന് മുകളിൽ അംഗങ്ങൾ ഇപ്പോൾ ഈ കൂട്ടായ്മയിലുണ്ട്. UAEയിൽ ഇതുവരെ 3500 ഓളം ആളുകൾക്ക് ഭക്ഷണവും ഭക്ഷണസാധന കിറ്റുകളും എത്തിക്കാൻ ഇതിലെ അംഗങ്ങളുടെ സഹകരണത്തോടെ ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സൗദി, ഖത്തർ, ഒമാൻ, കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കും ഇവരുടെ സഹായം ഹസ്തം എത്തിത്തുടങ്ങിയിരിക്കുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കൽ, കൊറോണ ബാധിച്ചവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനുള്ള മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കൽ, അവരെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യൽ, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ കൗൺസിലിംഗ് സേവനം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഓൺലൈൻ കൂട്ടായ്മ മുൻപന്തിയിലുണ്ട്.

കൂടാതെ പ്രമുഖ ഡോക്ടർമാരെ ഉൾപ്പെടുത്തി കൊറോണയെ സംബന്ധിച്ചുള്ള ഫേസ്ബുക് ലൈവ് സെഷനുകൾ, കൊറോണയിൽ നിന്നും സുഖം പ്രാപിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ലൈവ്, ഗായകരെയും കലാകാരന്മാരെയും ഉൾപ്പെടുത്തിയുള്ള ലൈവ് എന്റർടൈൻമെന്റ് ഷോകൾ ഉൾപ്പെടെ ചെയ്തു വരുന്നു. ഒരു പ്രവാസി സഹായം അഭ്യർത്ഥിച്ചു ഒരു പോസ്റ്റ് ഇട്ടാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സഹായ സന്നദ്ധരായി നിരവധി പ്രവാസികൾ അവരെ ബന്ധപ്പെടുന്ന കാഴ്ചയും നമുക്ക് ഈ കൂട്ടായ്മയിൽ കാണാൻ കഴിയും.

പ്രവാസ ലോകത്തിനു വേണ്ടി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖരെ ആദരിക്കാനും ഈ കൂട്ടായ്മ മുന്നിൽ തന്നെയുണ്ട്. രാഷ്ട്രീയവും മതപരവുമായ പോസ്റ്റുകൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഇവർ അടിവരയിട്ട് പറയുന്നു. സഹിഷ്ണുത, മാനവികത എന്നിവയിൽ ഊന്നിയ പ്രവർത്തനങ്ങളാണ് ഇവർ ലക്ഷ്യമിടുന്നത്. ഇപ്പോൾ കൊറോണയുമായി ബന്ധപ്പെട്ട സഹായ ഹസ്തങ്ങൾക്കാണ് ഗ്രൂപ്പ് മുൻതുക്കം കൊടുക്കുന്നതെങ്കിലും ഇതിനു ശേഷം ജോലി ഒഴിവുകൾ, യാത്രാ വിശേഷങ്ങൾ, ഭക്ഷണ രുചികൾ ഉൾപ്പടെ പ്രവാസ ലോകത്തെ എല്ലാ സ്പന്ദനങ്ങളും അറിയാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയാവുകയാണ് ഇവരുടെ ലക്ഷ്യം.

മീറ്റ് അപ്പുകൾ, ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, സൗജന്യ നിയമ സഹായ സമിതികൾ, ബ്രിഹത്തായ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, പ്രവാസി ഓൺലൈൻ ന്യൂസ് പോർട്ടൽ, പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകരെ ആദരിക്കൽ, എന്റർടൈൻമെന്റ് ഷോകൾ, ബുദ്ധിമുട്ടിലായ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സാമ്പത്തികമായി സഹായിക്കൽ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികൾക്കായി ഭവന പദ്ധതി, അവരുടെ മക്കളുടെ വിദ്യാഭ്യാസ – വിവാഹ സഹായങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ഓൾ കേരള പ്രവാസി അസോസിയേഷന്റെ ചീഫ് അഡ്മിന്മാരായ ഫൈസൽ മുഹമ്മദ്, ജിൻഷ ബഷീർ, കോർഡിനേറ്റേഴ്സായ ഇബ്രാഹിം ഷമീർ, അൽനിഷാജ് ഷാഹുൽ, നീതു ആശിഷ്, അബ്ദുൽ സമാൻ എന്നിവർ അറിയിച്ചു.

Share this story