കുവൈത്തില്‍ പുതുക്കിയ ലൈസന്‍സ് വിതരണം ആരംഭിച്ചു

കുവൈത്തില്‍ പുതുക്കിയ ലൈസന്‍സ് വിതരണം ആരംഭിച്ചു

കുവൈത്ത് സിറ്റി: മാര്‍ച്ച് 11- 29 തിയ്യതികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ആയി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ച പ്രവാസികള്‍ അടക്കമുള്ളവരുടെ ലൈസന്‍സ് വിതരണം ആരംഭിച്ചു. മുബാറക് അല്‍ കബീര്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ പുതുക്കിയ ലൈസന്‍സ് ലഭിക്കും. അറബി അക്ഷരമാല ക്രമത്തില്‍ പേരിന്റെ ആദ്യ അക്ഷരം അനുസരിച്ചാണ് വിതരണം.

അതിനിടെ, കര്‍ഫ്യൂ സമയത്ത് വീട്ടുവളപ്പില്‍ വെച്ചുള്ള വ്യായാമവും നിരോധിച്ചു. വൈകിട്ട് അഞ്ചിനും രാവിലെ ആറിനും ഇടയില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍, ഫാമുകള്‍ തുടങ്ങിയവയുടെ വളപ്പില്‍ വെച്ച് വ്യായാമം ചെയ്യാന്‍ ഇറങ്ങുന്നതാണ് നിരോധിച്ചത്. കരയിലും കടലിലുമെല്ലാം കര്‍ഫ്യൂ ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേ സമയം, കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാര്‍ക്ക് മെയ് അഞ്ച് മുതല്‍ സ്വദേശത്തേക്ക് മടങ്ങാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് ലഭിച്ചവരെ മെയ് അഞ്ചിന് കുവൈത്ത് എയര്‍വേയ്‌സിലും ജസീറ എയര്‍വേയ്‌സിലും ഇന്ത്യയിലെത്തിക്കാന്‍ കുവൈത്ത്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയങ്ങളും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് സമയം തിങ്കളാഴ്ച അവസാനിക്കും.

പൊതുമാപ്പ് ലഭിച്ചവരെ അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായും വിവിധ എംബസികളുമായും ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. പല രാജ്യങ്ങളും പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോയിട്ടുണ്ട്. 1.68 ലക്ഷം നിയമവിരുദ്ധ താമസക്കാരില്‍ 35000 പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതെന്നാണ് കുവൈത്ത് സര്‍ക്കാര്‍ പറയുന്നത്.

അല്‍ ഫര്‍വാനിയ്യ ഗവര്‍ണറേറ്റിലുള്ള ഇന്ത്യക്കാരായ പുരുഷന്മാര്‍ അല്‍ ഫര്‍വാനിയ്യ ഗേള്‍സ് എലമെന്ററി സ്‌കൂളില്‍ (ബ്ലോക് ഒന്ന്, സ്ട്രീറ്റ് 76) ആണ് എത്തേണ്ടത്. സ്ത്രീകള്‍ അല്‍ മുസന്ന ബോയ്‌സ് എലമന്ററി സ്‌കൂളില്‍ (ബ്ലോക് ഒന്ന്, സ്ട്രീറ്റ് 122) എത്തണം. ജലീബ് അല്‍ ശുയൂഖില്‍ താമസിക്കുന്ന സ്ത്രീകള്‍ റുഫൈദ അല്‍ അസ്ലാമിയ്യ ഗേള്‍സ് സ്‌കൂളില്‍ (ബ്ലോക് നാല്, സ്ട്രീറ്റ് 200) ആണ് എത്തേണ്ടത്. ജലീബ് അല്‍ ശുയൂഖിലെ പുരുഷന്മാര്‍ക്ക് നയിം ബിന്‍ മസൂദ് ബോയ്‌സ് എലമെന്ററി സ്‌കൂള്‍ (ബ്ലോക് നാല്, സ്ട്രീറ്റ് 250) ആണ് താമസ കേന്ദ്രം.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ തിരിച്ചെത്തുന്നതിന് അവസരമുണ്ടാകും. മാത്രമല്ല, പിഴയടക്കാതെ രാജ്യം വിടാം. വിമാന ടിക്കറ്റ് കുവൈത്ത് സര്‍ക്കാര്‍ നല്‍കും.

Share this story