കോവിഡ് പരിശോധനയില്‍ മുന്‍പന്തിയില്‍ യു എ ഇ

കോവിഡ് പരിശോധനയില്‍ മുന്‍പന്തിയില്‍ യു എ ഇ

ദുബൈ: ആഗോളതലത്തില്‍ തന്നെ കോവിഡ് പരിശോധനയില്‍ വളരെ മുന്നില്‍ യു എ ഇ. പത്ത് ലക്ഷം പേരെ അടിസ്ഥാനമാക്കിയുള്ള കണക്കില്‍ കൂടുതലാളുകളെ പരിശോധിച്ച രാജ്യമാണ് യു എ ഇ.

വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിന്റെ കണക്കനുസരിച്ച് പത്ത് ലക്ഷം പേരെ അടിസ്ഥാനമാക്കിയാല്‍ 77550 പരിശോധനകള്‍ യു എ ഇ നടത്തിയിട്ടുണ്ട്. എല്ലാ എമിറേറ്റുകളിലും വാഹനത്തില്‍ നിന്നിറങ്ങാതെ പരിശോധിക്കാവുന്ന ഡ്രൈവ് ത്രൂ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുസഫ്ഫയില്‍ തൊഴിലാളികള്‍ക്ക് മാത്രമായി ക്ലിനിക്കുകളുമുണ്ട്.

അതിനിടെ, ഞായറാഴ്ച രാജ്യത്ത് 479 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം പോസിറ്റീവ് കേസുകള്‍ 6781 ആയി. നാല് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 41 ആയിട്ടുണ്ട്. 1286 പേര്‍ രോഗമുക്തരായി.

അതേ സമയം, കോവിഡ്- 19 കാരണം ദുരിതത്തിലായ വരുമാനം കുറഞ്ഞ കുടുംബങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള ഒരു കോടി ഭക്ഷണം പദ്ധതിയുമായി യു എ ഇ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, പത്‌നി ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. യു എ ഇ ഫുഡ് ബാങ്കിന്റെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ശൈഖ ഹിന്ദ്.

പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി. റമസാന്‍ കൂടി കടന്നുവരുന്ന പുണ്യമുഹൂര്‍ത്തത്തില്‍ സര്‍ക്കാറിന്റെയും കമ്പനികളുടെയും വ്യവസായികളുടെയും സംരംഭകരുടെയും മനുഷ്യസ്‌നേഹികളുടെയും സംഭാവനകള്‍ സ്വീകരിച്ച് പദ്ധതി നടപ്പാക്കും. കോവിഡ് കാരണം വരുമാനം നിലച്ചവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. www.10millionmeals.ae എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സംഭാവന നല്‍കാം. എട്ട്, 40, 80, 160, 500 ദിര്‍ഹം വരുന്ന ഭക്ഷണപ്പൊതികള്‍ നല്‍കാന്‍ യഥാക്രമം 1034, 1035, 1036, 1037, 1038 എന്നീ നമ്പറുകളിലേക്ക് Meal എന്ന് ടൈപ്പ് ചെയ്ത് എസ് എം എസ് അയക്കാം. 8004006 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാനും സൗകര്യമുണ്ട്. AE430240001580857000001 എന്ന ബാങ്ക് അക്കൗണ്ടിലേക്കും സംഭാവനകള്‍ അയക്കാം.

Share this story