കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ചത് 6000 ഇന്ത്യക്കാര്‍ക്ക്

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ചത് 6000 ഇന്ത്യക്കാര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 6000 ഇന്ത്യക്കാര്‍. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ എത്തേണ്ട സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താന്‍ നിരവധി ഇന്ത്യക്കാരാണ് കേന്ദ്രങ്ങളിലെത്തിയിരുന്നത്. എന്നാല്‍, യാത്രാരേഖകളുടെ അഭാവം കാരണം പലര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താനായില്ല. പാസ്സ്‌പോര്‍ട്ടോ കാലാവധി കഴിഞ്ഞ വിസയോ ആണ് രേഖയായി വേണ്ടത്. അല്ലെങ്കില്‍ എംബസി നല്‍കുന്ന ഔട്ട്പാസ് വേണം.

പൊതുമാപ്പ് ലഭിച്ചവര്‍ക്ക് മെയ് 25ന് മുമ്പ് ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്ന വാര്‍ത്ത ശരിയല്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് അഞ്ച് മുതല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് നിലവിലെ വിവരമനുസരിച്ച് പ്രതീക്ഷിക്കുന്നത്.

പാര്‍പ്പിട നിയമം ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് നിയമാനുസൃതം സ്വദേശത്തേക്ക് മടങ്ങുന്നതിനാണ് ഏപ്രില്‍ 30 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇവര്‍ പിഴയടക്കേണ്ടതില്ല. ടിക്കറ്റ് കുവൈത്ത് സര്‍ക്കാര്‍ നല്‍കും. മാത്രമല്ല, നിയമപ്രകാരമുള്ള മറ്റൊരു തൊഴില്‍ വിസയില്‍ കുവൈത്തില്‍ തിരിച്ചെത്തുകയും ചെയ്യാം.

Share this story