വിദ്വേഷ പ്രചരണം: പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറുടെ മുന്നറിയിപ്പ്

വിദ്വേഷ പ്രചരണം: പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറുടെ മുന്നറിയിപ്പ്

അബുദബി: മതസ്പര്‍ധയും വിദ്വേഷവും പ്രചരിപ്പിക്കുന്ന പ്രവാസികളെ താക്കീത് ചെയ്ത് യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. വിവിധ തലങ്ങളില്‍ ഇന്ത്യയും യു എ ഇയും വിവേചനരഹിത മൂല്യങ്ങള്‍ പങ്കുവെക്കുന്നവരാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ മുസ്ലിംകളെ കോവിഡ് കാര്യത്തില്‍ ഒറ്റപ്പെടുത്തിയുള്ള വിദ്വേഷ പ്രചാരണം തകൃതിയായി നടക്കുന്നതില്‍ ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിംകളെ ഒറ്റപ്പെടുത്തിയുള്ള വിദ്വേഷ പ്രചാരണത്തില്‍ അറബ് ലോകത്തും വലിയ പ്രതിഷേധമുണ്ട്.

 

ഇതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മത വിദ്വേഷം പാടില്ലെന്നും എല്ലാവരും ചേര്‍ന്നുനിന്ന് മാഹാമാരിക്കെതിരെ പോരാടണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അംബാസഡറുടെ താക്കീത്.

നിരവധി ഇന്ത്യന്‍ പ്രവാസികളും മുസ്ലിംകളെ ഒറ്റപ്പെടുത്തിയുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതുകാരണം പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, വിദ്വേഷ- വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയാല്‍ യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ ശിക്ഷയും ലഭിക്കും.

Share this story