മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തര്‍

മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തര്‍

ദോഹ: സാധനം വാങ്ങാന്‍ പോകുമ്പോഴും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരും നിര്‍മാണ മേഖലയിലെ തൊഴിലാളികളും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ഞായറാഴ്ച മുതലാണ് ഇത് നിലവില്‍ വരിക.

മാസ്‌ക് ധരിക്കാത്തവരെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കില്ല. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന സ്വകാര്യ- സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരും മാസ്‌ക് ധരിക്കണം. ഓഫീസുകളും മറ്റും സന്ദര്‍ശിക്കുന്നവരും മാസ്‌ക് ധരിക്കണം. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ടു ലക്ഷം ഖത്തര്‍ റിയാലില്‍ കൂടാത്ത പിഴയും ലഭിക്കും.

അതേ സമയം, റമസാന്‍ മാസത്തിലെ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാകും പ്രവൃത്തി സമയം. ദിവസം നാല് മണിക്കൂര്‍. സ്വകാര്യ മേഖലയില്‍ രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് മൂന്ന് വരെയാകും പ്രവൃത്തി സമയം. ദിവസം ആറ് മണിക്കൂര്‍.

റമസാന്‍ പ്രമാണിച്ച് നിരവധി തടവുകാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കി. അതിനിടെ, രാജ്യത്ത് 608 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ പത്ത് ആയി. മൊത്തം 689 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം 7141 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

Share this story