അടിസ്ഥാന ട്യൂഷന്‍ ഫീസ് മാത്രം മതിയെന്ന് ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

അടിസ്ഥാന ട്യൂഷന്‍ ഫീസ് മാത്രം മതിയെന്ന് ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

മസ്‌കത്ത്: കോവിഡ്- 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിനിടെ ഒമാനിലെ രക്ഷിതാക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥികളുടെ അടിസ്ഥാന ട്യൂഷന്‍ ഫീസ് മാത്രം മതിയെന്ന് ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടേഴ്‌സ് ബോര്‍ഡ് തീരുമാനിച്ചു.

ആഗസ്റ്റ് വരെ കരിക്കുലവുമായി ബന്ധമില്ലാത്ത ഫീസുകള്‍ അടക്കേണ്ടതില്ല. നിലവില്‍ എല്ലാ ഫീസുകളും അടച്ച രക്ഷിതാക്കള്‍ക്ക് അടുത്ത ട്യൂഷന്‍ ഫീസില്‍ ഇത് കിഴിക്കും. രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ 2020- 21 അധ്യയന വര്‍ഷം തീരുന്നത് വരെ ട്യൂഷന്‍ ഫീസില്‍ 50 ശതമാനം ഇളവുമുണ്ടാകും. ഫീസ് അടച്ചോയെന്നത് പരിഗണിക്കാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വെര്‍ച്വല്‍ ക്ലാസ് ലഭിക്കും.

അതേ സമയം, രാജ്യത്തെ തൊഴിലാളി ക്യാമ്പുകളിലും ബാച്ചിലര്‍ പ്രവാസി താമസകേന്ദ്രങ്ങളിലും കൊവിഡ്- 19 വ്യാപന ഭീഷണി. രോഗം വന്നവരെയും ലക്ഷണങ്ങള്‍ പ്രകടപ്പിക്കുന്നവരെയും ഐസൊലേഷനിലേക്കും ക്വാറന്റൈനിലേക്കും മാറ്റാനുള്ള സൗകര്യം പ്രവാസികള്‍ തിങ്ങിത്താമസിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ പരിമിതമാണ്.

ഈ ഭീഷണി മുന്നില്‍കണ്ട് കോവിഡ് പരിശോധന ശക്തമാക്കിയിരിക്കുകയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി. താമസകേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ഏറെ അകലെയായിരിക്കണം ലേബര്‍ ക്യാമ്പുകളെന്ന ആവശ്യത്തിന് ഈ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യം വന്നിരിക്കുകയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ, ശനിയാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 1905 ആയി. പത്ത് മരണങ്ങളുമുണ്ട്. 329 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Share this story