പാതിരാത്രിക്ക് ഇന്ത്യന്‍ ഡോക്ടര്‍ക്ക് സല്യൂട്ട് അര്‍പ്പിച്ച് ദുബൈ പോലീസ്

പാതിരാത്രിക്ക് ഇന്ത്യന്‍ ഡോക്ടര്‍ക്ക് സല്യൂട്ട് അര്‍പ്പിച്ച് ദുബൈ പോലീസ്

ദുബൈ: കോവിഡ് പരിശോധന കേന്ദ്രത്തില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ക്ക് പുലര്‍ച്ചെ ഒരു മണിക്ക് സല്യൂട്ട് നല്‍കി ദുബൈ പോലീസ്. ദുബൈയിലെ അല്‍ അഹ്ലി സ്‌ക്രീനിംഗ് സെന്ററില്‍ നിന്ന് ജോലി കഴിഞ്ഞ് ഷാര്‍ജയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അല്‍ മുല്ല പ്ലാസക്ക് സമീപം ദുബൈ പോലീസ് ഹൈദരാബാദുകാരി ഡോ.ആയിശ സുല്‍ത്താനയുടെ കാര്‍ കൈ കാട്ടി നിര്‍ത്തിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. കര്‍ഫ്യൂ സമയമായതിനാല്‍ തന്റെ പക്കലുള്ള രേഖകളെല്ലാം കാണിച്ചു. എന്നാല്‍ അതൊന്നും പരിശോധിക്കാതെ പോലീസ് ഇവര്‍ക്ക് സല്യൂട്ട് നല്‍കി.

ജീവിതത്തില്‍ മറക്കാനാകാത്ത ഈ സംഭവം ഇവരെ ആവേശഭരിതയാക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അത് പങ്കുവെക്കുകയും ചെയ്തു ഡോക്ടര്‍. ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണ് ഇത്. യു എ ഇയില്‍ ജനച്ചുവളര്‍ന്ന ഒരാളെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ദിവസമായിരുന്നു അത്. ദുബൈ പോലീസിന്റെ ഈ ആദരം ലോകത്തുടനീളമുള്ള ആരോഗ്യപ്രവര്‍ത്തര്‍ക്കുള്ളതാണ്- ഡോ. സുല്‍ത്താന പറഞ്ഞു.

അതിനിടെ, യു എ ഇയില്‍ 541 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 11,380 ആയി. ഏഴ് പേര്‍ മരിച്ചിട്ടുണ്ട്. മരണം 89 ആയി. 2,181 പേരാണ് രോഗമുക്തി നേടിയത്.

Share this story