ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ നിയന്ത്രിത തോതില്‍ തുറന്നു

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ നിയന്ത്രിത തോതില്‍ തുറന്നു

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ നിയന്ത്രിത രീതിയില്‍ തുറന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് അകത്തും പുറത്തും അവശ്യവസ്തുക്കളുടെ വിതരണവും മറ്റ് ജോലികളും മുടക്കമില്ലാതെ നടക്കുന്നതിനാണിത്.

തൊഴിലുടമകള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുകയും എന്നാല്‍ പുറത്ത് താമസിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍, ഏരിയയില്‍ താമസിക്കുകയും എന്നാല്‍ പുറത്ത് ജോലിയും ചെയ്യുന്ന പ്രവാസികള്‍ എന്നിവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യാം. വാണിജ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ക്ക് മുന്‍കൂട്ടി അപേക്ഷ നല്‍കിയാല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സാധനസാമഗ്രികളും ഉപകരണങ്ങളും യന്ത്രങ്ങളും കൊണ്ടുപോകാം.

അതേസമയം, ഇഹ്തിറാസ് (Ehteraz) ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമാകും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് പുറത്തുകടക്കാനും അവിടേക്ക് പ്രവേശിക്കാനും അനുമതിയുണ്ടാകുക.

Share this story