കോവിഡ്: വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ പത്ത് ലക്ഷം റിയാല്‍ പിഴയുമായി സൗദി

കോവിഡ്: വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ പത്ത് ലക്ഷം റിയാല്‍ പിഴയുമായി സൗദി

റിയാദ്: കൊറോണവൈറസ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ആപ്പുകളിലും മറ്റും ഊഹാപോഹങ്ങളും പരിഭ്രാന്തിയും പരത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി അറേബ്യ. ഇത്തരക്കാര്‍ക്കെതിരെ പരമാവധി പത്ത് ലക്ഷം റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

കോവിഡ് പ്രതിരോധത്തിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ ലംഘിക്കുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചാലും ഇതേ ശിക്ഷ ലഭിക്കും. മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും 1000 മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

കര്‍ഫ്യൂ സമയത്തെ സഞ്ചാര അനുമതി ദുരുപയോഗം ചെയ്താല്‍ പതിനായിരം മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴയും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. ക്വാറന്റൈന്‍ ലംഘിച്ചാല്‍ രണ്ട് ലക്ഷം വരെ റിയാല്‍ പിഴയും രണ്ട് വര്‍ഷം തടവും ശിക്ഷയുണ്ടാകും. അത്യാവശ്യക്കാരല്ലാത്തവര്‍ക്ക് സഞ്ചാര അനുമതി തരപ്പെടുത്തിക്കൊടുത്താല്‍ പതിനായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ ജയിലും ശിക്ഷയുണ്ടാകും.

Share this story