ഖത്തറിലെ ഇന്ത്യന്‍ എംബസി വീണ്ടും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഖത്തറിലെ ഇന്ത്യന്‍ എംബസി വീണ്ടും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ വീണ്ടും ഖത്തറിലെ ഇന്ത്യന്‍ എംബസി ആരംഭിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. https://docs.google.com/forms/d/e/1FAIpQLScYgQkLLvA0GvHh5dm_QEDSzqI6S8TuYGJ49JsByTnOlZ6EcA/viewform എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാം.

ഏപ്രില്‍ അവസാന വാരം എംബസി രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും നാല്‍പ്പതിനായിരം പേര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. പിന്നീട് ഇത് നിര്‍ത്തിവെക്കുകയായിരുന്നു. നിരവധി പേര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാലാണ് വീണ്ടും ആരംഭിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, വയസ്സ്, കൈവശമുള്ള വിസാ ഇനം (താമസാനുമതി, വിസ ഓണ്‍ അറൈവല്‍, ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ, ഫാമിലി വിസ, വിസിറ്റ് വിസ) തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. സ്വന്തത്തിനോ ബന്ധുവിനോ ഉള്ള അടിയന്തര ചികിത്സാ ആവശ്യം, ബന്ധുവിന്റെ മരണം, കുടുങ്ങിപ്പോയ ടൂറിസ്റ്റ്/ സന്ദര്‍ശകന്‍, പൊതുമാപ്പ്/ നാടുകടത്തല്‍, തൊഴില്‍ നഷ്ടം, വിസ കാലാവധി കഴിയല്‍, കുടുങ്ങിപ്പോയ വിദ്യാര്‍ഥി തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. അതേസമയം, ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മെയ് ഒമ്പതിനും തിരുവനന്തപുരത്തേക്കുള്ളത് മെയ് പത്തിനും പുറപ്പെടും.

Share this story