വന്ദേഭാരത്: രണ്ടാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആറ് വിമാനങ്ങള്‍

വന്ദേഭാരത്: രണ്ടാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആറ് വിമാനങ്ങള്‍

ദോഹ: വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ് 18ന് ആരംഭിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആറ് വിമാനങ്ങളാണുണ്ടാകുക. 18നുള്ള ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലേക്കാണ്. ഖത്തര്‍ സമയം വൈകിട്ട് 3.35നാണ് പുറപ്പെടുക.

മെയ് 21ന് കൊച്ചിയിലേക്ക് വിമാനമുണ്ടാകും. ഉച്ചക്ക് 2.05നാണ് ഈ വിമാനം പുറപ്പെടുക. നേരത്തെ കണ്ണൂരിലേക്ക് വിമാനമുണ്ടാകുമെന്ന് എംബസി അറിയിച്ചെങ്കിലും അത് മാറ്റി കോഴിക്കോടിനെ ഉള്‍പ്പെടുത്തുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര ആവശ്യമുള്ളവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. എംബസിയില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ടും മലയാളികളാണ്.

യാത്ര ശരിയാക്കുന്നതിന് പണം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘങ്ങള്‍ ഫോണ്‍കോളുകള്‍ നടത്തുന്നതായും വഞ്ചിതരാകരുതെന്നും എംബസി അറിയിച്ചു. എയര്‍ ഇന്ത്യ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങുമ്പോള്‍ മാത്രമാണ് പണം നല്‍കേണ്ടതുള്ളൂ. ജൂണ്‍ ഒന്ന് മുതലുള്ള കോണ്‍സുലാര്‍ സര്‍വ്വീസിനായി ഓണ്‍ലൈനിലാണ് അപ്പോയ്ന്റ്‌മെന്റ് നേടേണ്ടത്. ടെലിഫോണില്‍ അപ്പോയ്ന്റ്‌മെന്റ് എടുത്തവര്‍ക്ക് മെയ് 31 വരെ മാത്രമെ സേവനം ലഭിക്കൂ.

Share this story