വന്ദേഭാരത് മിഷനില്‍ യു എ ഇയില്‍ നിന്ന് 104 വിമാനങ്ങള്‍ കൂടി

വന്ദേഭാരത് മിഷനില്‍ യു എ ഇയില്‍ നിന്ന് 104 വിമാനങ്ങള്‍ കൂടി

ദുബൈ: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 104 അധിക വിമാനങ്ങള്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കും. ജൂലൈ 15 മുതല്‍ 31 വരെ 18400 ഇന്ത്യക്കാര്‍ക്ക് കൂടി നാട്ടിലേക്ക് പോകാം. ഓരോ വിമാനത്തിലും 177 യാത്രക്കാരാണ് ഉണ്ടാകുക. അബുദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് കേരള, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, തെലങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലേക്കാണ് വിമാനങ്ങളുണ്ടാകുക. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് സര്‍വീസുകള്‍ നടത്തുന്നത്.

തിരിച്ചുപോകാന്‍ ഭൂരിപക്ഷം പ്രവാസികളും രജിസ്റ്റര്‍ ചെയ്ത കേരളത്തിലേക്കാണ് അധിക വിമാനങ്ങളും. ബുക്കിംഗ് ഉടനെ ആരംഭിക്കും. നാലാം ഘട്ടത്തില്‍ മാത്രം 300ലേറെ വിമാനങ്ങളുണ്ടാകും. ദുബൈയില്‍ നിന്ന് മാത്രം ഇതുവരെ 1.3 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലെത്തിയിട്ടുണ്ട്. ഇവയില്‍ 170 വിമാനങ്ങള്‍ വന്ദേഭാരതിന്റെ കീഴിലും 560 വിമാനങ്ങള്‍ വിവിധ കമ്പനികളും സന്നദ്ധ സംഘടനകളും ചാര്‍ട്ടര്‍ ചെയ്തതുമാണ്.

അധിക വിമാനങ്ങളില്‍ ജൂലൈ 15ന് കൊച്ചിയിലേക്കാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നുതന്നെ കോഴിക്കോട്ടേക്കും വിമാനമുണ്ട്. ദുബൈയില്‍ നിന്നാണ് രണ്ട് വിമാനങ്ങളും. അന്ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്കും വിമാനമുണ്ട്. 16ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കും ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കും വിമാനമുണ്ട്. 17ന് അബുദബിയില്‍ നിന്ന് കോഴിക്കോട്ടും ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം പുറപ്പെടും.

Share this story