ഇറാന്‍ ഇന്ത്യയെ കൈവിട്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്, വിശദീകരണം ഇങ്ങനെ

ഇറാന്‍ ഇന്ത്യയെ കൈവിട്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്, വിശദീകരണം ഇങ്ങനെ

ടെഹ്‌റാന്‍: ഇറാനിലെ ചാബഹാര്‍ തുറമുഖ റെയില്‍പാത നിര്‍മാണത്തില്‍ നിന്ന് ഇന്ത്യയെ തഴഞ്ഞുവെന്ന റിപ്പോര്‍ട്ട് തെറ്റ്. ഇറാന്‍ പോര്‍ട്‌സ് ആന്റ് മാരിടൈം ഓര്‍ഗനൈസേഷന്‍ വക്താവ് ഫര്‍ഹാദ് മുന്‍തസര്‍ ആണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ചാബഹാര്‍ തുറമുഖത്തില്‍ നിന്ന് തുടങ്ങുന്ന റെയില്‍വെ പദ്ധതി ഇന്ത്യയും ഇറാനും സംയുക്തമായി തുടങ്ങാന്‍ തീരുമാനിച്ചതായിരുന്നുവെന്നും ഇപ്പോള്‍ ഇറാന്‍ തനിച്ച് ആരംഭിച്ചുവെന്നും ദി ഹിന്ദു പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റെയില്‍വെ പാത നിര്‍മാണത്തില്‍ ഇന്ത്യയമായി കരാറുണ്ടായിരുന്നില്ലെന്ന് ഫര്‍ഹാദ് മുന്‍തസര്‍ പറയുന്നു.

ചാബഹാര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകള്‍ മാത്രമാണ് ഇന്ത്യയുമായുണ്ടായിരുന്നത്. തുറമുഖ ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ് ഒന്ന്. 15 കോടി ഡോളറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. റെയില്‍പാത നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യയുമായി ഇല്ലെന്നും ഫര്‍ഹാദ് മുന്‍തസര്‍ പറഞ്ഞു.

ചാബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിക്ഷേപം സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു പട്ടിക ഇറാന്‍ തയ്യാറാക്കിയിരുന്നു. റെയില്‍വെ പദ്ധതി ഉള്‍പ്പെടുന്നതായിരുന്നു പട്ടിക. എന്നാല്‍ ചര്‍ച്ചയ്ക്കിടെ റെയില്‍വെ പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമായില്ല. തുടര്‍ന്ന് ഇത് ഒഴിവാക്കിയാണ് കരാര്‍ ഒപ്പുവച്ചത്. അമേരിക്കയുടെ ഉപരോധം ചാബഹാര്‍ പദ്ധതിയിലെ ഇന്ത്യ-ഇറാന്‍ സഹകരണത്തെ ബാധിച്ചിട്ടില്ലെന്നും മുന്‍തസര്‍ വിശദീകരിച്ചു.
ഇറാന്‍, അഫ്ഗാനിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വന്‍ കുതിച്ചുചാട്ടമാണ് ചാബഹാര്‍ പദ്ധതിയിലൂടെ സാധ്യമാകുക. കൂടുതലും ഇന്ത്യയ്ക്കാണ് നേട്ടം. ചൈനയേക്കാള്‍ അതിവേഗം ഇന്ത്യ ലോക ശക്തിയായി മാറാന്‍ സാധ്യമാകുന്നതാണ് പദ്ധതി. എന്നാല്‍ ചാബഹാറിലെ റെയില്‍വെ പദ്ധതിയില്‍ നാല് വര്‍ഷത്തിന് ശേഷവും ഇന്ത്യ പണമിറക്കാത്തതിനെ തുടര്‍ന്ന് ഇറാന്‍ സ്വന്തമായി റെയില്‍പാത നിര്‍മാണം ആരംഭിച്ചു എന്നായിരുന്നു വാര്‍ത്ത.

Share this story