കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം, ദുബായ് വിസ അനുവദിക്കുന്നു

Share with your friends

ദുബായ്കുവൈറ്റ്: കൊറോണ വൈറസ് കടുത്ത ഭീതി സൃഷ്ടിച്ച ഗള്‍ഫ് രാജ്യങ്ങളാണ് കുവൈറ്റും യുഎഇയും. യുഎഇയില്‍ കാര്യങ്ങള്‍ അതിവേഗം മെച്ചപ്പെട്ടുവരികയാണ്. കുവൈറ്റിലും നേരിയ പുരോഗതിയുണ്ട്. വിമാന സര്‍വീസ് പൂര്‍ണമായി ആരംഭിക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുമെന്നാണ് കുവൈറ്റ് ഭരണകൂടം നല്‍കുന്ന സൂചന.
കുവൈറ്റിലേക്ക് വരാന്‍ അനുമതിയുള്ള രാജ്യക്കാരുടെ പുതിയ പട്ടികയില്‍ ഇന്ത്യക്കാരില്ല. അതേസമയം, ദുബായില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ വിസിറ്റ് വിസ അനുവദിച്ചു തുടങ്ങി. കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് യുഎഇയില്‍.

കുവൈറ്റില്‍ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. കുവൈറ്റിലെ പൗരന്‍മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും വിമാന യാത്രയ്ക്ക് അനുമതി നല്‍കി. കുവൈറ്റില്‍ നിന്ന് പുറത്തേക്കും കുവൈറ്റിലേക്കും ഇവര്‍ക്ക് തിരിച്ചുവരാം. എന്നാല്‍ എല്ലാവര്‍ക്കും പറ്റില്ല.

ആഗസ്റ്റ് ഒന്ന് മുതലാണ് കുവൈറ്റ് ഭരണകൂടം യാത്രയ്ക്ക് ഇളവ് നല്‍കുക. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. എന്നല്‍ ഏഴ് രാജ്യക്കാര്‍ക്ക് നിരോധനം തുടരും. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് ഇപ്പോള്‍ എത്താന്‍ സാധ്യമല്ല.

ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യത്തുള്ളവര്‍ക്കും കുവൈത്തില്‍ നിരോധനമുണ്ട്. ഈ രാജ്യക്കാര്‍ക്ക് കുവൈറ്റിലേക്ക് ഇപ്പോള്‍ പ്രവേശനം ലഭിക്കില്ല. എന്നാല്‍ കൊറോണ ഭീതി അകലുന്ന സാഹചര്യത്തില്‍ ഇളവുകള്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒരു വര്‍ഷം വേണ്ടി വരും
ആഗസ്റ്റ് ഒന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ഭാഗികമായി ആരംഭിക്കുമെന്ന് കുവൈറ്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊറോണയ്ക്ക് മുമ്പുള്ള പോലെ പൂര്‍ണ തോതിലുള്ള വിമാന യാത്ര ആരംഭിക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുമെന്നാണ് കരുതുന്നത്. ഘട്ടങ്ങളായി നിയന്ത്രണം ഇളവ് ചെയ്യാനാണ് കുവൈറ്റിൻ്റ തീരുമാനം.

അതേസമയം, ദുബായ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയെന്നാണ് വിവരം. ടൂറിസ്റ്റ് വിസ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ടൂറിസ്റ്റ് വിസ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനിച്ചുവെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. വിസിറ്റ് വിസ ഇന്ത്യക്കാര്‍ക്കും അനുവദിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-