സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം; വിഫലമാക്കി സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം; വിഫലമാക്കി സഖ്യസേന

റിയാദ്: സൗദി അറേബ്യക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്ച രാവിലെ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയച്ചത്. എന്നാൽ സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയുമായിരുന്നെന്ന സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.

ഹൂതി തീവ്രവാദ സംഘങ്ങൾ സ്റ്റോക്ഹോം കരാറും വെടിനിർത്തലും ലംഘിച്ച് ആക്രമണം തുടരുകയാണെന്ന് അല്‍ മാലികി പറഞ്ഞു. ഹുദൈദ മേഖല കേന്ദ്രീകരിച്ചാണ് ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും അയച്ച് അക്രമണം തുടരുന്നത്. ആയുധം നിറച്ച വിദൂര നിയന്ത്രിത ബോട്ടും ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. ഹൂതികൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് വലിയ ഭീഷണിയായിരിക്കുന്നു. സ്റ്റോക്ക്ഹോം കരാർ വിജയകരമാക്കുന്നതിനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുയാണെന്നും വക്താവ് പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് ഹൂതികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ നടപടികളെ നേരിടാൻ സഖ്യസേനാ നേതൃത്വം ഉചിതമായ നടപടികൾ കൈകൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അട്ടിമറി അവസാനിപ്പിച്ച് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനും യമനിലെ ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതും തുടരുകയാണെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു.

Share this story