അബുദാബിയില്‍ സിനിമാശാലകള്‍ തുറക്കുന്നു; പ്രവേശനം 30 ശതമാനം പേര്‍ക്കു മാത്രം

അബുദാബിയില്‍ സിനിമാശാലകള്‍ തുറക്കുന്നു; പ്രവേശനം 30 ശതമാനം പേര്‍ക്കു മാത്രം

അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ മേഖലകള്‍ തുറന്നു നല്‍കി അബുദാബി ഭരണകൂടം. ഇതിന്റെ ഭാഗമായി സിനിമാ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അത്യാഹിത, ദുരന്ത നിവാരണ സമിതി അനുമതി നല്‍കി.

തിയേറ്ററിന്റെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടെയാണ് അനുമതി. ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗപ്പകര്‍ച്ച തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാത്ത തിയറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ല.

സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, ദിവസേനയും ഓരോ സിനിമാ പ്രദര്‍ശനത്തിനു ശേഷവും തീയേറ്റര്‍ അണുവിമുക്തമാക്കുക, പ്രദര്‍ശനത്തിടയില്‍ 20 മുതല്‍ 30 മിനിറ്റ് വരെ ഇടവേള നല്‍കുക.
പൊതു സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുക, ഒന്നിടവിട്ട വരികളിലും സീറ്റുകളിലും ഇരുത്തുക, പ്രവേശനവും പുറത്തുപോകലും വ്യത്യസ്ത കവാടങ്ങളിലൂടെയാക്കുക തുടങ്ങിയവയാണ് പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

Share this story