ജിദ്ദയിൽ വീട് തകർന്നു; മൂന്ന് മരണം 12 പേർക്ക് പരിക്ക്

ജിദ്ദയിൽ വീട് തകർന്നു; മൂന്ന് മരണം 12 പേർക്ക് പരിക്ക്

ജിദ്ദ: തെക്കുപടിഞ്ഞാറൻ ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്ടിൽ കാലപ്പഴക്കം ചെന്ന വീട് തകർന്നു താമസക്കാരായ മൂന്ന് പേർ മരിച്ചു. 12 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

ശനിയാഴ്ച വൈകിട്ടാണ് മൂന്നുനില കെട്ടിടം തകർന്നുവീണത്. രാത്രി 10.30 നാണ് അപകടം സംബന്ധിച്ച് ഏകീകൃത സുരക്ഷാ ഓപറേഷൻ സെന്ററിൽ വിവരം ലഭിക്കുന്നതെന്ന് മക്കാ സിവിൽ ഡിഫൻസ് മാധ്യമ വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖറനി പറഞ്ഞു. ഉടൻ തന്നെ സിവിൽ ഡിഫൻസിലെ ദ്രുതകർമസേനാ അംഗങ്ങളും രക്ഷാപ്രവർത്തകരും സംഭവ സ്ഥലത്തെത്തി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മൂന്ന് നിലകളുള്ള വീടിന്റെ ഒരു ഭാഗം തകർന്നാണ് അപകടമുണ്ടായത്. രക്ഷാദൗത്യ സംഘം സ്ഥലത്തെത്തി തകർന്നു വീണ ഭാഗങ്ങൾ പരിശോധിച്ച് കെട്ടിടത്തിന് അടിയിൽപെട്ട 15 പേരെ പുറത്ത് എത്തിച്ചു. ഇവരിൽ മൂന്ന് പേർ മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ ലഭ്യമാക്കിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന തുടരുന്നതായും കേണൽ മുഹമ്മദ് അൽഖറനി അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story