സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

റിയാദ്: സ്വകാര്യ സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന വിദേശ അധ്യാപകരെ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. പ്രത്യേക സാഹചര്യങ്ങളും കേസുകളും പരിഗണിച്ച് സൗദിയില്‍ നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്കും മടങ്ങാന്‍ അനുമതി നല്‍കുന്ന എക്‌സെപ്ഷന്‍സ് കമ്മിറ്റിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്.

സൗദിയിലേക്ക് മടങ്ങുന്ന അധ്യാപകര്‍ പി.സി.ആര്‍ പരിശോധനകള്‍ നടത്തണമെന്നും പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. യാത്രയുടെ 48 മണിക്കൂറില്‍ കൂടാത്ത സമയത്താണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. കൂടാതെ ഇവര്‍ ഹെല്‍ത്ത് ക്വാറന്റൈനും പാലിക്കണം.

പുതിയ അധ്യയന വര്‍ഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി സന്ദേശം അയച്ചിരുന്നു.

സൗദിയിലേക്കുള്ള മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വിദേശങ്ങളിലെ സൗദി കോണ്‍സുലേറ്റുകളെ സമീപിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടണമെന്നാണ് നിര്‍ദേശം. റിയാദിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമകളുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിക്കാന്‍ റിയാദ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this story