സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്തു തുടങ്ങുന്നു

സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്തു തുടങ്ങുന്നു

റിയാദ്: സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ വിദേശങ്ങളിലെ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും സ്റ്റാമ്പ് ചെയ്തു തുടങ്ങുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും നേരത്തെ അനുവദിച്ച വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് വിദേശങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും നിര്‍ത്തിവെച്ചിരുന്നു.

സൗദിയില്‍ ഭാഗികമായി അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുകയും പൂര്‍ണ തോതില്‍ ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിദേശങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് പുനരാരംഭിക്കുന്നത്.

സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കള്‍ മുതല്‍ തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്യാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ഫിലിപ്പൈന്‍സിലെ സൗദി എംബസി അറിയിച്ചു. റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ മുഖേനെ മാത്രമാണ് വിസാ സ്റ്റാമ്പിംഗ് അപേക്ഷകള്‍ സ്വീകരിക്കുക.
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി കൊറോണ പരിശോധന നടത്തി രോഗമുക്തരാണെന്ന് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാന്‍ അംഗീകരാരമുള്ള സെന്ററുകളുടെ പട്ടിക മനില സൗദി എംബസി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

Share this story