സൗദിയില്‍ അത്യാഹിതം സംഭവിച്ചവരുടെ ജീവനും കൊണ്ട് ഞൊടിയിടയില്‍ ആശുപത്രിയിൽ; ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍

സൗദിയില്‍ അത്യാഹിതം സംഭവിച്ചവരുടെ ജീവനും കൊണ്ട് ഞൊടിയിടയില്‍ ആശുപത്രിയിൽ; ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍

റിയാദ്: കൊവിഡ് കാലത്ത് അത്യാഹിതം സംഭവിച്ചവരുടെയും രോഗികളുടെയും ജീവനും കൊണ്ട് ഞൊടിയിടയില്‍ ആശുപത്രികളില്‍ പറന്നെത്താനുള്ള ദൗത്യം നിര്‍വഹിക്കാന്‍ കഴിയുന്നതിന്റെ നിര്‍വൃതിയിലാണ് റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ആബുലന്‍സ് ഡ്രൈവറായ സാറാ അല്‍ അനീസി.

ഇതുവരെ പുരുഷ മേധാവിത്തത്തിന് കീഴിലായിരുന്ന രാജ്യത്തെ ഒട്ടുമിക്ക തൊഴിലുകളിലും സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് സൗദിയിലെ ആദ്യ വനിത ആബുലന്‍സ് ഡ്രൈവര്‍ കൂടിയായ സാറ.

സ്ത്രീ ശാക്തീകരത്തിനായി സൗദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് സാറ പറയുന്നു. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ തന്നാല്‍ കഴിയുന്നത് നിറവേറ്റാനാവുന്നു എന്ന ചാരിതാര്‍ഥ്യമാണ് ഈ ജോലി ചെയുമ്പോള്‍ ഉണ്ടാകുന്നത്.

ചെറുപ്പം മുതല്‍ ആതുര സേവനം സ്വപ്നം കണ്ടിരുന്നു. അയല്‍ പക്കത്തോ കുടുംബത്തിലോ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവര്‍ എന്നെ സഹായത്തിനായി വിളിക്കുമായിരുന്നു.

ആംബുലന്‍സ് ഓടിക്കുന്നത് തനിക്ക് ഈ രംഗത്ത് കൂടുതല്‍ അനുഭവവും ഉയര്‍ന്ന ആത്മവിശ്വാസവും സമ്മാനിച്ചു. ഇപ്പോള്‍ അത്തരം സേവനങ്ങള്‍ മനസറിഞ്ഞ് ചെയ്യാന്‍ കഴിയുന്നതില്‍ അതിയായി സന്തോഷിക്കുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ കൊറോണക്കാലത്ത് ഈ ജോലി ദുഷ്‌കരമായിരുന്നുവെന്ന് സാറ പറയുന്നു. രോഗികളുമായി ആദ്യം ഇടപെടുന്നത് ആംബുലന്‍സ് ഡ്രൈവര്‍മാരാണ്. കുടുംബത്തെയും കുട്ടികളെയും ഓര്‍ക്കുമ്പോള്‍ അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നെന്ന് സാറാ അല്‍ അനീസി പറയുന്നു.

എന്നാല്‍ ദൈവത്തിന് നന്ദി, നിരവധി കൊവിഡ് രോഗികളെ ആശുപത്രിയിലേക്കും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും എത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനം തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this story