വിദേശത്തായാലും ഇഖാമ പുതുക്കല്‍ ഇനി എളുപ്പം; പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍

വിദേശത്തായാലും ഇഖാമ പുതുക്കല്‍ ഇനി എളുപ്പം; പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍

റിയാദ്: തൊഴിലാളികള്‍ വിദേശത്തായാലും അവരുടെ ഇഖാമ പുതുക്കാനും റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.

വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, ബിസിനസ് മേഖലക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ശിര്‍ ബിസിനസ്, വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന മുഖീം എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള പുതിയ സേവനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സുരക്ഷിതമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം തുടരുമെന്ന് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു. പുതിയ സേവനങ്ങളെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വിശദീകരിച്ചു.

ജവാസാത്തില്‍ നിന്നുള്ള സൗദി പൗരന്മാരുടെയും വിദേശികളുടെയും നടപടിക്രമങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് എളുപ്പമാക്കാനാണ് ജവാസാത്ത് ലക്ഷ്യമിടുന്നത്. പതിനഞ്ചും അതില്‍ കുറവും പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുക, പാസ്‌പോര്‍ട്ട് പുതുക്കുക, പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുക, വിദേശങ്ങളില്‍ കഴിയുന്നവരുടെ ഇഖാമ പുതുക്കുക, വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ ജവാസാത്ത് ഡയറക്ടറേറ്റുമായി ആശയവിനിമയം നടത്താന്‍ ഗുണഭോക്താക്കളെ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്.

Share this story