ഖത്തറിന് എഫ്-35 യുദ്ധവിമാനങ്ങൾ; അമേരിക്കയെ അനിഷ്ടം അറിയിച്ച് ഇസ്രായിൽ 

ഖത്തറിന് എഫ്-35 യുദ്ധവിമാനങ്ങൾ; അമേരിക്കയെ അനിഷ്ടം അറിയിച്ച് ഇസ്രായിൽ 

ദുബായ്: ഖത്തറിന് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ അനിഷ്ടം പ്രകടിപ്പിച്ച് ഇസ്രായിൽ. ഇറാനുമായും ഫലസ്തീൻ സംഘടനയായ ഹമാസുമായും ബന്ധമുള്ള ഗൾഫ് രാഷ്ട്രത്തിന് അത്യാധുനിക വിമാനങ്ങൾ ലഭ്യമാകുന്നത് ദോഷകരമാകുമെന്ന് ഇസ്രായിൽ ഊർജമന്ത്രി യൂവൽ സ്റ്റെനിറ്റ്‌സ് അഭിപ്രായപ്പെട്ടു. എഫ്-35 വിമാനം വാങ്ങാൻ ഖത്തർ താൽപര്യപ്പെടുന്നുവെങ്കിൽ ഉടനെയോ അല്ലെങ്കിൽ വൈകിയോ ഇത് അവർക്ക് ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഈ നിഗമനം നാം ഗൗരവത്തിലെടുക്കണം. അമേരിക്കൻ ഭരണകൂടം ഇപ്പോൾ കാണിക്കുന്നത് അമേരിക്കൻ താൽപര്യത്തിന് വിരുദ്ധമാണ്- സ്റ്റെനിറ്റ്‌സ് പറഞ്ഞു.

പ്രകൃതിവാതക സമ്പത്തിൽ ലോകത്തിലെ ഏഴാമത് നിൽക്കുന്ന ഖത്തർ എഫ്-35 വിമാനങ്ങൾ വാങ്ങാൻ ഔദ്യോഗികമായി രേഖകൾ സമർപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ ഇസ്രായിലിന് മാത്രമാണ് അമേരിക്ക ഈ ലോക്ഹീഡ് മാർട്ടിൻ യുദ്ധവിമാനം വിൽപന നടത്തിയിട്ടുള്ളത്. ഇസ്രായിലുമായി പൂർണമായും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് വരെ ട്രംപ് ഭരണകൂടം എഫ്-35 വിമാനങ്ങളുടെ വിൽപന തടഞ്ഞുവെക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഇസ്രായിൽ-ഫലസ്തീൻ തർക്കം പരിഹരിച്ചതിന് ശേഷം മാത്രമേ ഇത്തരം നീക്കത്തിനുള്ളൂവെന്നാണ് ഖത്തർ നിലപാട്.

Share this story