പ്രവാസികളുടെ മടക്കം; ഇന്ത്യക്കാര്‍ക്കുള്ള നിബന്ധന നീക്കിയിട്ടില്ലെന്ന് സൗദിയ

പ്രവാസികളുടെ മടക്കം; ഇന്ത്യക്കാര്‍ക്കുള്ള നിബന്ധന നീക്കിയിട്ടില്ലെന്ന് സൗദിയ

റിയാദ്: യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ലെന്നും സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഇന്ത്യക്കാര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയിരിക്കണമെന്നും സൗദിയ യാത്രക്കാരുടെ അന്വേഷണത്തിനു മറുപടി നല്‍കി.

ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഈ വ്യവസ്ഥ ബാധകമാണ്. കാലാവധിയുള്ള റീ-എന്‍ട്രി വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന നടത്തി 72 മണിക്കൂറിനകം ദുബായ് വഴി ട്രാന്‍സിറ്റ് ആയി സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി മറ്റൊരു രാജ്യത്ത് 14 ദിവസത്തില്‍ കുറയാത്ത കാലം കഴിയണമെന്ന വ്യവസ്ഥ ബാധകമാണെന്ന് സൗദിയ വ്യക്തമാക്കിയത്.

ഇതോടൊപ്പം കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടും യാത്രക്കാരുടെ പക്കല്‍ ഉണ്ടായിരിക്കണം. കൂടാതെ യാത്രക്കാര്‍ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള വിഭാഗങ്ങളില്‍ പെട്ടവരായിരിക്കണമെന്നും സൗദിയ പറഞ്ഞു.

Share this story