ഇൻഡസ്ട്രിയൽ സിറ്റികളിൽ ഫാക്ടറികൾ വർധിച്ചു

ഇൻഡസ്ട്രിയൽ സിറ്റികളിൽ ഫാക്ടറികൾ വർധിച്ചു

റിയാദ്: അഞ്ചു വർഷത്തിനിടെ സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസിനു (മുദുൻ) കീഴിലെ ഇൻഡസ്ട്രിയൽ സിറ്റികളിൽ ഭക്ഷ്യവസ്തു, പാനീയ ഫാക്ടറികളുടെ എണ്ണം മൂന്നിരട്ടിയോളം വർധിച്ചതായി കണക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇൻഡസ്ട്രിയൽ സിറ്റികളിൽ 915 ഭക്ഷ്യവസ്തു, പാനീയ ഫാക്ടറികളുണ്ട്. 2016 മുതൽ 2020 വരെയുള്ള അഞ്ചു വർഷ കാലത്ത് ഇൻഡസ്ട്രിയൽ സിറ്റികളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഫാക്ടറികളുടെ എണ്ണം 150 ശതമാനം തോതിൽ വർധിച്ചു.

സ്വകാര്യ മേഖലക്ക് മുദുൻ നൽകുന്ന പ്രോത്സാഹനങ്ങളും എളുപ്പമാർന്ന നടപടിക്രമങ്ങളും ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവും ഉൽപാദനം ആരംഭിക്കുന്നതിനുള്ള സമയവും കുറക്കാൻ സഹായകമായതായി സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് ആക്ടിംഗ് വക്താവും മാർക്കറ്റിംഗ്, കോർപറേറ്റ് ക മ്യൂണിക്കേഷൻ വകുപ്പ് മേധാവിയുമായ ഖുസയ് അൽഅബ്ദുൽകരീം പറഞ്ഞു.

ഇതിന്റെ ഫലമായി, വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച 2016 മുതൽ 2020 മൂന്നാം പാദം വരെയുള്ള അഞ്ചു വർഷത്തിനിടെ ഇൻഡസ്ട്രിയൽ സിറ്റികളിൽ എത്തിയ പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. ഇൻഡസ്ട്രിയൽ സിറ്റികളിൽ ഭക്ഷ്യവസ്തു, മെഡിക്കൽ വ്യവസായ മേഖലാ നിക്ഷേപങ്ങളിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. 2019 ൽ 187 ഭക്ഷ്യവസ്തു ഫാക്ടറികളും 33 മെഡിക്കൽ ഫാക്ടറികളും ഉദ്ഘാടനം ചെയ്തു.

2016 ൽ ഇൻഡസ്ട്രിയൽ സിറ്റികളിൽ 318 ഭക്ഷ്യവസ്തു, പാനീയ ഫാക്ടറികളാണുണ്ടായിരുന്നത്. ഈ വർഷം മൂന്നാം പാദത്തോടെ ഉൽപാദനം നടത്തുന്നതും നിർമാണത്തിലുള്ളതുമായ ഇത്തരം വ്യവസായശാലകളുടെ എണ്ണം 915 ആയി ഉയർന്നു. ഫാക്ടറികളിൽ ഭൂരിഭാഗവും പടിഞ്ഞാറൻ സൗദിയിലാണ്. ഇവിടെ 482 ഫാക്ടറികളുണ്ട്. മധ്യമേഖലയിൽ 315 ഫാക്ടറികളും കിഴക്കൻ മേഖലയിൽ 118 വ്യവസായശാലകളുമുണ്ട്. ഇറച്ചി ഉൽപന്നങ്ങൾ, ബേക്കറി വസ്തുക്കൾ, പാലുൽപന്നങ്ങൾ, ഫ്രഷ് ജ്യൂസുകൾ, ശീതളപാനീയങ്ങൾ, മിഠായികൾ, പലഹാരങ്ങൾ എന്നിവയാണ് ഈ ഫാക്ടറികളിൽ പ്രധാനമായും ഉൽപാദിപ്പിക്കുന്നത്.

ഭക്ഷ്യവസ്തു, പാനീയ ഫാക്ടറികളുടെ എണ്ണം വർധിച്ചതിന് സമാന്തരമായി മെഡിക്കൽ ഫാക്ടറികളുടെ എണ്ണവും ഉയർന്നു. 2016 ൽ ഇൻഡസ്ട്രിയൽ സിറ്റികളിൽ 64 മെഡിക്കൽ ഫാക്ടറികളാണുണ്ടായിരുന്നത്. ഈ വർഷം മൂന്നാം പാദത്തോടെ നിർമാണ ഘട്ടത്തിലുള്ളവ അടക്കം മെഡിക്കൽ ഫാക്ടറികളുടെ എണ്ണം 173 ആയി ഉയർന്നു. മെഡിക്കൽ ഫാക്ടറികൾ കൂടുതൽ മധ്യമേഖലയിലാണ്. മധ്യസൗദിയിലെ 12 ഇൻഡസ്ട്രിയൽ സിറ്റികളിൽ 90 മെഡിക്കൽ ഫാക്ടറികൾ പ്രവർത്തിക്കുന്നു. 13 ഇൻഡസ്ട്രിയൽ സിറ്റികളാണ് പടിഞ്ഞാറൻ മേഖലയിലുള്ളത്. ഇവിടെ 60 മെഡിക്കൽ ഫാക്ടറികളുണ്ട്. കിഴക്കൻ മേഖലയിലെ പത്തു ഇൻഡസ്ട്രിയൽ സിറ്റികളിൽ 23 മെഡിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്നു. ട്യൂബുകൾ, മെഡിക്കൽ വസ്ത്രങ്ങൾ പോലുള്ള മെഡിക്കൽ വസ്തുക്കൾ, ക്യാൻസറിനും മാനസിക രോഗത്തിനുമുള്ളവ അടക്കമുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വിറ്റാമിനുകൾ, മെഡിക്കൽ അണുനശീകരണികൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ ഇവിടങ്ങളിൽ ഉൽപാദിപ്പിക്കുന്നതായും ഖുസയ് അൽഅബ്ദുൽകരീം പറഞ്ഞു.

Share this story