ട്രാക്കുകൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ: ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിൽ

ട്രാക്കുകൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ: ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിൽ

റിയാദ് : ട്രാക്കുകൾ ലംഘിക്കുന്ന വാഹനങ്ങളെ ക്യാമറ വഴി കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നിരത്തുകളിൽ രണ്ടു ദിവസത്തിനകം നടപ്പാകും. റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 300 മുതൽ 500 റിയാൽ വരെയാണ് പിഴ ഈടാക്കുകയെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

റോഡുകളിൽ ഗതാഗത സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങൾ കുറക്കാനുമാണ് ട്രാക്ക് പാലിക്കൽ വ്യവസ്ഥ നടപ്പാക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങൾ ക്യാമറകൾ വഴി നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ട്രാക്ക് ലംഘനം കണ്ടെത്തി പിഴകൾ ചുമത്തുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. റെഡ് സിഗ്‌നൽ കട്ട് ചെയ്യൽ, അമിത വേഗം, ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ ക്യാമറ വഴി നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്ന സംവിധാനങ്ങൾ നേരത്തെ നിലവിലുണ്ട്. ഈ രംഗത്ത് ഏറ്റവും ഒടുവിൽ നടപ്പാക്കിയത് നിരോധിത സമയങ്ങളിൽ ലോറികളും ട്രക്കുകളും നഗരങ്ങളിൽ പ്രവേശിക്കുന്നത് നിരീക്ഷിച്ച് കണ്ടെത്തുന്ന സംവിധാനമാണ്. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് ഈ സംവിധാനം നടപ്പാക്കിയത്.

സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് അനുവദിക്കൽ അടക്കമുള്ള സേവനങ്ങൾ എളുപ്പമാക്കാനും നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും മറ്റു സേവനങ്ങൾക്കും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം വിപുലീകരിക്കാൻ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചുവരികയാണ്.

റോഡ് സുരക്ഷാ നിലവാരം ഉയർത്തൽ, ഫീൽഡ് ചുമതലകൾ നിർവഹിക്കാൻ ട്രാഫിക് പോലീസുകാരെ സഹായിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കൽ എന്നിവ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം തന്ത്രമാണ്. ഇതിന്റെ ഭാഗമായാണ് ട്രാക്ക് ലംഘനവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റജിലൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

Share this story