ആണവായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയണം; ആദിൽ അൽജുബൈർ

ആണവായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയണം; ആദിൽ അൽജുബൈർ

റിയാദ്: ഇറാൻ ആണവ ശക്തിയായി മാറുന്ന പക്ഷം ആണവായുധം നേടാൻ സൗദി അറേബ്യക്കും അവകാശമുള്ളതായി സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ആണവായുധം നിർമിക്കുന്നതിൽനിന്ന് ആഗോള സമൂഹം ഇറാനെ തടയണം. അല്ലാത്ത പക്ഷം ആണവായുധം നേടാൻ സൗദി അറേബ്യക്കും അവകാശമുണ്ടാകും. അത് ഉറപ്പായും ഒരു ചോയ്‌സ് ആണെന്ന് ജർമൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ആദിൽ അൽജുബൈർ പറഞ്ഞു.

ഇറാൻ ആണവ ശക്തിയായി മാറിയാൽ കൂടുതൽ രാജ്യങ്ങൾ ഈ പാത പിന്തുടരും. സ്വന്തം ജനതക്ക് സംരക്ഷണം നൽകാനും സൗദി മണ്ണ് സംരക്ഷിക്കാനും സൗദി അറേബ്യ പരമാവധി ശ്രമം നടത്തുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു.

ഇറാൻ ദശകങ്ങളായി ആണവോർജം ഉപയോഗിക്കുന്നുണ്ട്. ഉപരോധങ്ങൾ എടുത്തുകളയുന്നതിനു പകരം അണുബോംബ് വികസിപ്പിക്കൽ നിർത്തിവെക്കുന്നതിന് ലോക ശക്തികളുമായി 2015 ൽ ഇറാൻ ആണവ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽനിന്ന് പിൻവാങ്ങി.
ഇതോടെ കരാർ പരാജയത്തിന്റെ വക്കിലായി. ദീർഘകാല പ്രോഗ്രാമും മേഖലാ രാജ്യങ്ങളിലെ ഇറാൻ ഇടപെടൽ അവസാനിപ്പിക്കാനുമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഈ നിലപാടിനെ സൗദി അറേബ്യയും പിന്തുണക്കുന്നു.

മുൻകാലത്ത് സമ്മർദങ്ങൾക്കു മാത്രമാണ് ഇറാനികൾ വഴങ്ങിയതെന്നാണ് തങ്ങൾ കരുതുന്നതെന്ന് സൗദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ അമേരിക്കൻ ഭരണകൂടം നടപ്പാക്കുന്ന മാറ്റങ്ങൾ കാത്തിരുന്ന് കാണാമെന്നും ആദിൽ അൽജുബൈർ പറഞ്ഞു.

Share this story