റിയാദില്‍ സ്‌കൂള്‍ ജീവനക്കാരെ വെടിവെച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദില്‍ സ്‌കൂള്‍ ജീവനക്കാരെ വെടിവെച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: തലസ്ഥാന നഗരിയിലെ പ്രശസ്തമായ സ്വകാര്യ സ്‌കൂളില്‍ രണ്ട് ജീവനക്കാരെ നിഷ്ഠുരമായി വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫൈഹാന്‍ അല്‍ഉതൈബി, ഫലസ്തീന്‍ പൗരന്‍ മുഹമ്മദ് ഇസ്മായില്‍ അല്‍ദവീ എന്നിവരെ വെടിവെച്ച് കൊന്ന ഇറാഖി വംശജന്‍ ഉസാമ ഫൈസല്‍ നജമിന്റെ വധശിക്ഷയാണ് നടപ്പിലായത്.

വെടിയേറ്റ മറ്റൊരു ജീവനക്കാരന്‍ ഗുരുതര പരിക്കുകളോടെ മരണത്തെ അതിജീവിച്ചു. 2017ല്‍ റമദാന്‍ അഞ്ചിനായിരുന്നു രാജ്യത്തെ നടുക്കിയ ഇരട്ടക്കൊലപാതകം. സംഭവത്തിന് നാല് വര്‍ഷം മുമ്പ് വരെ സ്‌കൂളില്‍ ജോലി ചെയ്തിരുന്നയാളാണ് പ്രതി.
സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിട്ട പ്രതി പെട്ടെന്നൊരു ദിവസം സ്‌കൂളില്‍ എത്തുകയും സഹപ്രവര്‍ത്തകരായിരുന്ന മൂന്ന് പേര്‍ക്ക് നേരെ പ്രകോപനമൊന്നും കൂടാതെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഒരു മാസം പിന്നിടുന്നതിന് മുമ്പായി സുരക്ഷാവിഭാഗം പിടികൂടി.

വേഷവും രൂപവുമെല്ലാം മാറ്റിയായിരുന്നു ഇയാളുടെ നടത്തം. അന്വേഷണത്തില്‍ കുറ്റം വ്യക്തമായി തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ റിയാദ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിച്ച കോടതി ഇറാഖ് വംശജന് വധശിക്ഷ വിധിച്ചു. പ്രസ്തുത വിധി അപ്പീല്‍ കോടതിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും ശരിവെച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വിശദമാക്കി.

Share this story