ഹറം ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു; സൗദിയില്‍ 13 പള്ളികള്‍ കൂടി അടച്ചു

ഹറം ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു; സൗദിയില്‍ 13 പള്ളികള്‍ കൂടി അടച്ചു

മക്ക: വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഹറംകാര്യ വകുപ്പ് ആസ്ഥാനത്തും മസ്ജിദുന്നബവികാര്യ വകുപ്പ് ആസ്ഥാനത്തും ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും റമദാന്‍ ഒന്നു മുതല്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാരെ റമദാന്‍ ഒന്നു മുതല്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഹറംകാര്യ വകുപ്പ് ആസ്ഥാനത്തും മസ്ജിദുന്നബവികാര്യ വകുപ്പ് ആസ്ഥാനത്തും പ്രവേശിക്കാന്‍ അനുവദിക്കില്ല.

വിശ്വാസികളും തീര്‍ഥാടകരും അടക്കം എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ഹറംകാര്യ വകുപ്പിലും മസ്ജിദുന്നബവികാര്യ വകുപ്പിലും സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ പേരും വാക്‌സിന്‍ സ്വീകരിക്കണം. കൊറോണ വ്യാപനം തടയാന്‍ ഇത് സഹായിക്കും. രോഗവ്യാപനം തടയാന്‍ ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികളും സര്‍ക്കാര്‍ ബാധകമാക്കുകയും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

അതിനിടെ, സൗദിയില്‍ ഇന്ന് പതിമൂന്നു മസ്ജിദുകള്‍ കൂടി താല്‍ക്കാലികമായി അടച്ചതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. അല്‍ഖസീം പ്രവിശ്യയില്‍ അഞ്ചു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ മൂന്നു പള്ളികളും റിയാദ്, മദീന, ജിസാന്‍, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോ മസ്ജിദുകളുമാണ് താല്‍ക്കാലികമായി അടച്ചത്.

അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പതിനാലു മസ്ജിദുകള്‍ മന്ത്രാലയം വീണ്ടും തുറന്നു. മക്ക പ്രവിശ്യയില്‍ ഏഴും റിയാദ് പ്രവിശ്യയില്‍ മൂന്നും അല്‍ഖസീം, തബൂക്ക്, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോ മസ്ജിദുകളുമാണ് വീണ്ടും തുറന്നത്. 55 ദിവസത്തിനിടെ 454 മസ്ജിദുകളാണ് മന്ത്രാലയം അടച്ചത്. ഇതില്‍ 430 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പിന്നീട് തുറന്നു.

Share this story