യു.എ.ഇക്ക് രക്ഷാസമിതി അംഗത്വം: അഭിനന്ദനവുമായി സൗദി

യു.എ.ഇക്ക് രക്ഷാസമിതി അംഗത്വം: അഭിനന്ദനവുമായി സൗദി

റിയാദ്: യു.എൻ രക്ഷാസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ യു.എ.ഇയെ സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അഭിനന്ദിച്ചു. രക്ഷാസമിതി അംഗമായി രണ്ടു വർഷത്തേക്കാണ് യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടത്. മേഖലയിലെ നീതിപൂർവകമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കാനും രക്ഷാസമിതി അംഗത്വം യു.എ.ഇയെ സഹായിക്കുമെന്ന് വിദേശ മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് യു.എൻ ജനറൽ അസംബ്ലി യു.എ.ഇയെ രക്ഷാസമിതി താൽക്കാലികാംഗമായി തെരഞ്ഞെടുത്തത്. യു.എ.ഇക്ക് 179 രാജ്യങ്ങളുടെ വോട്ട് ലഭിച്ചു. ബ്രസീൽ, ഘാന, അൽബേനിയ, മധ്യ ഫ്രിക്കയിലെ ഗാബോൻ എന്നീ രാജ്യങ്ങളും രക്ഷാസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യു.എ.ഇ കൈവരിച്ച നേട്ടത്തിൽ ബഹ്‌റൈൻ ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സ്വാലിഹ് അൽസ്വാലിഹ് അഭിമാനം പ്രകടിപ്പിച്ചു. ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇയുടെ സമർപ്പിത ശ്രമങ്ങളെ രക്ഷാസമിതി അംഗത്വം സ്ഥിരീകരിക്കുന്നതായി ബഹ്‌റൈൻ ശൂറാ കൗൺസിൽ ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള യു.എ.ഇയുടെ കഴിവിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അറബ് പാർലമെന്റ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി പറഞ്ഞു. പുതിയ ദൗത്യത്തിൽ യു.എ.ഇക്ക് വിജയം കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

രക്ഷാസമിതി അംഗത്വം നേടി യു.എ.ഇയും ഗാബോനും അൽബേനിയയും കൈവരിച്ച നേട്ടങ്ങളെ ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ അഭിനന്ദിച്ചു. യു.എൻ രക്ഷാസമിതിയിൽ സീറ്റുകൾ നേടിയത് അന്താരാഷ്ട്ര സമാധാനം ശക്തിപ്പെടുത്തുന്നതിൽ മൂന്നു രാജ്യങ്ങളുടെയും പങ്ക് പ്രതിഫലിപ്പിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.

ലോക സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് യു.എ.ഇ നടത്തുന്ന ശ്രമങ്ങൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണ യു.എ.ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കുവൈത്ത് വിദേശമന്ത്രി ശൈഖ് അഹ്മദ് നാസിർ അൽമുഹമ്മദ് അൽസ്വബാഹ് പ്രഖ്യാപിച്ചു. പൊതുവായ അറബ് പ്രശ്‌നങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതിലും അന്താരാഷ്ട്ര സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിലും യു.എ.ഇക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി ജോർദാൻ വിദേശ മന്ത്രാലയവും പറഞ്ഞു.

2022-2023 കാലത്തേക്കാണ് യു.എ.ഇ അടക്കം അഞ്ചു രാജ്യങ്ങൾ യു.എൻ രക്ഷാസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ അംഗങ്ങളുടെ സാന്നിധ്യം രക്ഷാസമിതിയിൽ ശാക്തിക സന്തുലനത്തിൽ ശ്രദ്ധേയമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയതന്ത്രജ്ഞർ പറഞ്ഞു. സമന്വയം പ്രോത്സാഹിപ്പിക്കാനും നവീനതയെ ഉത്തേജിപ്പിക്കാനും എല്ലാ തലങ്ങളിലും സമാധാനം സ്ഥാപിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കിയായിരുന്നു രക്ഷാസമിതി അംഗത്വത്തിനായുള്ള യു.എ.ഇയുടെ പ്രചാരണം എന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പറഞ്ഞു.

Share this story