10 മാസത്തിനിടെ റദ്ദാക്കിയത് 32000 പ്രവാസികളുടെ ലൈസന്‍സ്

Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഒക്ടോബര്‍ അവസാനം വരെ 32000 വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചതായി കണക്കുകള്‍. ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ചില്ല, അനധികൃതമായി ലൈസന്‍സ് സമ്പാദിച്ചു തുടങ്ങിയ കാരണങ്ങളാണ് ഈ വര്‍ഷം 32,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ കാരണം. 

റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതില്‍ 43% കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 72,000 ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരുന്നെങ്കിലും ഈ വര്‍ഷമത് 41,000 ആയി കുറഞ്ഞു.

മുമ്പ് ഡ്രൈവിംഗ് ലൈസന്‍സ് നേടുകയും അവരുടെ തൊഴില്‍ മാറുകയോ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഒന്ന് നഷ്ടപ്പെടുകയോ ചെയ്താല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വമേധയ അസാധുവാകും. 

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഡ്രൈവിംഗ് ലൈസന്‍സ് തിരികെ നല്‍കാതെ താമസ രേഖ പുതുക്കുന്നതല്ലെന്നും ഗതാഗത വകുപ്പ് പൊതു സമ്പര്‍ക്ക വിഭാഗം അധികൃതര്‍ വ്യക്തമാക്കി.

Share this story