അരാംകോയുടെ ഓഹരി മൂല്യത്തിൽ വീണ്ടും വർധനവ്

Aramco

സൗദി അരാംകോയുടെ ഓഹരി മൂല്യത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. ആഗോള എണ്ണവിലയിൽ വർധനവ് തുടരുന്നതാണ് ഓഹരിമൂല്യം കുതിച്ചുയരാൻ ഇടയാക്കിയത്. ഇന്ന് ആഗോള എണ്ണവില ബാരലിന് 119 ഡോളറിലെത്തി. സൗദി അരാംകോയുടെ ഓഹരി മൂല്യം ഇന്ന് നാൽപ്പത്തിയഞ്ച് റിയാലിലെത്തി. ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായാണ് അരാംകോയുടെ ഓഹരി വില ഇത്രയും വർധിക്കുന്നത്. 42 റിയാലായാണ് ഇന്ന് വിപണി ആരംഭിച്ചത്. ഒരു ഘട്ടത്തിൽ 45 റിയാൽ വരെയെത്തിയിരുന്ന ഓഹരി വിപണനം 44.30നാണ് ക്ലോസ് ചെയ്തത്. ഇതുവരെ 12 മില്യൻ ഓഹരികളുടെ വ്യാപാരം നടന്നതായി അരാംകോ അറിയിച്ചു.

കമ്പനിയുടെ വിപണി മൂല്യം ഇന്ന് ഒമ്പത് ട്രില്യൻ റിയാലിലെത്തി. ക്രൂഡോയിൽ ബാരലിന് 119 ഡോളറാണ് ഇന്നത്തെ വിപണി വില. റഷ്യ യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് വിപണി വില കുതിക്കുന്നത്. ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് സൗദി അരാംകോ. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണശേഖരവും ഉത്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനി കൂടിയാണിത്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ ആണ് ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശൃംഖലയും സൗദി അരാംകൊയാണ് പ്രവർത്തിപ്പിക്കുന്നത്.

Share this story