ബിജെപി നേതാവിന്റെ നബി നിന്ദ: വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം വേണമെന്ന് സൗദി അറേബ്യ

മുഹമ്മദ് നബിക്കെതിരെ ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായി സൗദി അറേബ്യയും. നുപൂർ ശർമയുടെ പ്രസ്താവന അധിക്ഷേപകരമാണെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്ന് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്. നേരത്തെ ഖത്തറും കുവൈത്തും ഇറാനും നുപൂർ ശർമയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു

ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ പരാമർശം വിവാദമായതിന് പിന്നാലെ നുപൂർ ശർമയെയും ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡലിനെയും ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു

ടെലിവിഷൻ ചർച്ചക്കിടെയാണ് നുപൂർ ശർമയുടെ വിവാദ പരാമർശം നടന്നത്. ഇതിന് പിന്നാലെ യുപി കാൺപൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. പാക്കിസ്ഥാനും ബിജെപി നേതാക്കളുടെ പ്രസ്താവനയെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.
 

Share this story