പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയിലെ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രം നല്‍കാന്‍ തീരുമാനം

സൗദി അറേബ്യയിലെ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശികള്‍ക്കായി പരിമിതപ്പെടുത്താന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഉപഭോക്തൃ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ തൊഴിലവസരങ്ങളും സ്വദേശിവല്‍ക്കരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഇപ്പോള്‍ നടപ്പിലാക്കി വരികയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഉപഭോക്താക്കളുമായി ഫോണിലൂടെ ബന്ധപ്പെടുന്ന തൊഴില്‍ തസ്തികകളില്‍ സ്വദേശികളെ മാത്രമേ പരിഗണിക്കാവൂ എന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബിരുദദാരികളായവര്‍ക്ക് കുറഞ്ഞത് 5500 റിയാല്‍ ശമ്പളം നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ലീഗല്‍ കണ്‍സള്‍ട്ടിങ് മേഖലയിലെ സ്വദേശിവത്ക്കരണം നിലവില്‍ രണ്ടാമത്തെ ഘട്ടത്തിലാണെന്നും മറ്റൊരു ട്വീറ്റിലൂടെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ 70 ശതമാനത്തോളം സൗദിവത്ക്കരണമാണ് പൂര്‍ത്തിയായിരിക്കുന്നത്. സ്വദേശിവത്ക്കരണത്തിലേക്കുള്ള മാറ്റത്തിനായി കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ പരിപൂര്‍ണ പിന്തുണയും സഹായവും പ്രതീക്ഷിക്കാമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Share this story