ചോരപ്പണം, ഇന്ത്യയുടെ ഇടപെടൽ; നിമിഷപ്രിയക്ക് മുന്നിലുള്ള വഴികൾ ഇതുമാത്രം

nimisha

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതിയുടെ അപ്പീൽ സനയിലെ അപ്പീൽ കോടതി തള്ളിയതോടെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിക്കുകയാണ്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടാൻ വളരെ നേർത്ത സാധ്യതകൾ മാത്രമാണ് ഇനി നിമിഷപ്രിയക്ക് മുന്നിലുള്ളത്. അതിലൊന്ന് കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ചോരപ്പണം സ്വീകരിച്ച് നിമിഷക്ക് മാപ്പ് നൽകുകയെന്നതാണ്

അപ്പീൽ നൽകുന്നതിന് മുമ്പ് തന്നെ തലാലിന്റെ ബന്ധുക്കളെ സമീപിച്ച് മാപ്പ് കൊടുപ്പിക്കാനുള്ള ശ്രമങ്ങൾ അഭിഭാഷകർ നടത്തിയിരുന്നു. പക്ഷേ ഇവർ ഇതുവരെ വഴങ്ങിയിട്ടില്ല. അപ്പീൽ പരിഗണിക്കുന്ന കോടതിക്ക് മുന്നിൽ ഇവർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. നിമിഷയെ എത്രയും പെട്ടെന്ന് വധശിക്ഷക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇനിയെന്ത് സമ്മർദം കുടുംബത്തിന് മുകളിൽ ചുമത്തുമെന്ന ആശങ്കയിലാണ് അഭിഭാഷകർ

യമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കുകയെന്നത് മറ്റൊരു വഴിയാണ്. പക്ഷേ അപ്പീൽ കോടതി നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോയെന്ന് മാത്രമേ ജുഡീഷ്യൽ കൗൺസിൽ പരിശോധിക്കുകയുള്ളു. യെമനിലെ നിയമവ്യവസ്ഥ വെച്ച് അങ്ങനെയൊരു തീരുമാനത്തിലേക്ക് ജുഡീഷ്യൽ കൗൺസിൽ എത്താൻ ഒരു സാധ്യതയുമില്ല. ഇനി വീഴ്ചയുണ്ടെന്നാണ് കണ്ടെത്തലെങ്കിൽ നിമിഷക്ക് വധശിക്ഷയിൽ നിന്നൊഴിവാകാൻ വഴി തെളിയും

ഇന്ത്യയ്ക്ക് നയതന്ത്രപരമായോ അനൗദ്യോഗികമായ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കുകയാണ് മറ്റൊരു മാർഗം. ലിബിയയിൽ ഐഎസ് തടവിൽ നിന്ന് നഴ്‌സുമാരെ തിരികെയെത്തിച്ചതു പോലെയുള്ള എന്തെങ്കിലുമൊരു നീക്കം യെമനിലും ആവർത്തിച്ചാൽ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താം. 

Share this story