കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരാണ നിലയിലാക്കാൻ സിവിൽ സർവീസ് കമ്മീഷന്റെ നിർദേശം

Kuwait

കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ നിർദേശിച്ചു കൊണ്ട് സിവിൽ സർവീസ് കമ്മീഷൻ ഉത്തരവിറക്കി. ഇതുപ്രകാരം മാർച്ച് 13 മുതൽ മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഫിംഗർ പഞ്ചിങ് പുനസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മീറ്റിങ്ങുകളും കോൺഫറൻസുകളും ഫെബ്രുവരി 20 മുതൽ ഓഫ്ലൈൻ സ്വഭാവത്തിലാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

മന്ത്രിസഭാ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സിവിൽ സർവീസ് കമ്മീഷന്റെ ഉത്തരവ്. ഓൺലൈൻ വഴി നടത്തിയിരുന്ന വകുപ്പ് തല യോഗങ്ങളും കോഴ്സുകളും എല്ലാം ഈ മാസം 20 മുതൽ പഴയതു പോലെ ജീവനക്കാർ നേരിട്ട് പങ്കെടുക്കുന്ന തരത്തിലേക്ക് മാറണമെന്ന് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.

മീറ്റിംഗുകളിലും മറ്റും ജീവനക്കാരുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കണം, അനുവദിക്കപ്പെട്ട അവധികളിൽ അല്ലാതെ ജോലിയിൽ ഹാജരാകാതിരിക്കാൻ പാടില്ല, തൊഴിലിടങ്ങളിൽ ആരോഗ്യമന്ത്രാലയം നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഉത്തരവിലെ നിർദേശങ്ങൾ. സർക്കാർ ഓഫിസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സിവിൽ സർവീസ് കമ്മീഷന്റെ നേരത്തെയുള്ള നിർദേശങ്ങളെല്ലാം പുതിയ സർക്കുലർ അസാധുവാക്കിയതായും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

Share this story