ജീവനക്കാര്‍ക്ക് ബാങ്ക്‌വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ബിനാമി ബിസിനസ് പരിധിയില്‍ ഉള്‍പ്പെടുത്തും

Gulf

റിയാദ്: സൗദിയില്‍ ജീവനക്കാര്‍ക്ക് ബാങ്ക്‌വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ബിനാമി ബിസിനസ് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദി വേതന സംരക്ഷണ നിയമമനുസരിച്ച് സ്ഥാപനത്തിലെ മുഴുവന്‍ ജിവനക്കാര്‍ക്കും ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ബിനാമി വിരുദ്ധ നീക്കം രാജ്യത്ത് ശക്തമാക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാവുക. സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയമാണ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ശമ്പളം പണമായി നല്‍കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. വിവിധ ഘട്ടങ്ങളിലായാണ് വേതന സംരക്ഷണ നിയമം രാജ്യത്ത് നടപ്പിലാക്കിയിരുന്നത്. ഇതിനായി മാനവ വിഭവ ശേഷി മന്ത്രാലയം മുദദ് എന്ന പേരില്‍ പ്രത്യേക പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ബിനാമി വിരുദ്ധ നടപടിയിലൂടെ പിടിയിലാകുന്ന സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും കടുത്ത ശിക്ഷയും രാജ്യത്ത് നിലവിലുണ്ട്.

Share this story